കാസർഗോഡ് ജില്ലയിലെ തലപ്പാടിയിൽ പൂർത്തീകരിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള റസ്റ്റ് സ്റ്റോപ്പിന്റെ ഛായാചിത്ര അനാച്ഛാദനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഛായാചിത്രത്തിൽ ഒപ്പിട്ടു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഓവർസീസ് കേരളൈറ്റ്‌സ് ഇൻവസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും തമ്മിൽ പദ്ധതിയുടെ ധാരണാ പത്രം കൈമാറി. ഓവർസീസ് കേരളൈറ്റ്‌സ് ഇൻവസ്റ്റ്‌മെന്റ് ഹോൾഡിംഗ് ലിമിറ്റഡ് ഡയറക്ടർ കെ വാസുകി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മാർക്കറ്റിംഗ് വിഭാഗം ഡയറക്ടർ വി സതീഷ് കുമാർ, മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലാവിന മൊഹ്‌തേരിയോ, മെയിൻഹാർഡ് ഗ്രൂപ്പ് ഓഫ് സിംഗപ്പൂർ സിഇഒ ഒമർ ഷഹ്‌സാദ് എന്നിവർ ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തു.
ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ കാസർഗോഡ് ജില്ലയിലെ തലപ്പാടിയിലാണ് പദ്ധതി നിലവിൽ വരുന്നത്. ഫുഡ് കോർട്ട്, റസ്റ്റോറന്റ്, കളിസ്ഥലം, ശുചിമുറി, ചാർജിങ് സ്റ്റേഷൻ, പെട്രോൾ പമ്പ്, പാർക്കിംഗ് സൗകര്യങ്ങൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളോടെയാണ് റസ്റ്റ് സ്റ്റോപ്പ് നിലവിൽ വരുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിൽ നിലവിൽ വരുന്ന ആദ്യ റസ്റ്റ് സ്റ്റോപ്പാണ് തലപ്പാടിയിലേത്.
ഒന്നാം ലോക കേരള സഭയുടെ മുൻകൈയ്യിൽ രൂപം കൊണ്ട ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് കമ്പനിയുടെ ആദ്യ സംരംഭമാണ് റെസ്റ്റ് സ്റ്റോപ്പ്. ആഗോള നിലവാരത്തിൽ ഒരുക്കുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ വിശ്രമ കേന്ദ്രങ്ങളാണ് റെസ്റ്റ് സ്റ്റോപ്പുകൾ. പെട്രോൾ സ്റ്റേഷൻ, റസ്റ്ററന്റ്, റെസ്റ്റ് റൂം, മൊബൈൽ ഇലക്ട്രോണിക് ഷോപ്പുകൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ഫാർമസി, സലൂൺ, ബുക്ക്-ഗിഫ്റ്റ് ഷോപ്പുകൾ, എടിഎം, മീറ്റിംഗ് റൂമുകൾ തുടങ്ങി അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പദ്ധതിയാണ് റസ്റ്റ് സ്റ്റോപ്പിലൂടെ യാഥാർഥ്യമാകുന്നത്. വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ, ഇലക്ട്രിക്, ഹൈഡ്രജൻ സ്റ്റേഷനുകളും ഇവിടെ ഒരുക്കുന്നുണ്ട്. സംസ്ഥാനത്ത് മുപ്പത് കേന്ദ്രങ്ങളിലാണ് ഇത്തരം റസ്റ്റ് സ്റ്റോപ്പുകൾ ആരംഭിക്കുക.
ആയിരം കോടിയിലധികം രൂപ നിക്ഷേപമുള്ള നൂറു ശതമാനം സർക്കാർ സംരംഭമായ ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് കമ്പനിയിലൂടെ മുപ്പത്തയ്യായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ മണിക്കൂർ യാത്രയ്ക്കിടയിലും ഒരു റസ്റ്റ് സ്റ്റോപ്പ് എന്ന നിലയിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.