കാലിക്കടവ്: കൺകെട്ട് വിദ്യകൾ കൂടി പഠിച്ചാലെ രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ യഥാർത്ഥ മുഖം തിരിച്ചറിയുകയുള്ളൂ എന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി കാലിക്കടവിൽ സംഘടിപ്പിച്ച ഇന്ത്യൻ ഭരണഘടന നമ്മൾ ഇന്ത്യയിലെ ജനങ്ങൾ എന്ന വിഷയത്തിൽ സെമിനാർ ജോൺ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്യുകയായിരുന്നു. മണിപ്പൂർ കത്തിച്ചാമ്പലാകാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. കൊച്ചിയിലെ വിവാഹത്തിന് പങ്കെടുക്കാൻ കാണിച്ച മനസ് മണിപ്പൂരിനെ സന്ദർശിക്കാൻ പ്രധാന മന്ത്രിക്ക് കണ്ടില്ല. ബിജെപി ഭരണത്തിലേറി അഞ്ച് വർഷം കൊണ്ട് മൂന്ന് വംശജരെ പരസ്പരം ചുട്ടു കൊന്നു കൊണ്ടിരിക്കുന്നു. മണിപ്പൂരിലെ ജനങ്ങൾക്ക് മിതമായ സുരക്ഷ പോലും ഒരുക്കാൻ കഴിയാത്ത ഭരണാധികാരികളായി രാജ്യം മാറി. നിയമ നിർമ്മാണം പോലും സ്വദേശി വൽകരണത്തിൻ്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഗോമൂത്രം കഴിച്ചാൽ അസുഖം മാറുമെന്ന പ്രചരിപ്പിക്കുന്നവരാണ് ഭരണം നിയന്ത്രിക്കുന്നത്.
ആധുനിക രാഷ്ട്രമായി മുന്നോട്ട് കുതിപ്പിക്കുന്നതിന് പകരം ഭൂമി തുരന്ന് അസ്ഥികൂടം കണ്ടത്തി ഈ രാജ്യത്തെ നൂറ്റാണ്ട് കാലം പിറകോട്ടെക്കാണ് ഇവർ കൊണ്ടു പോകുന്നത്.നമ്മുടെ സാഹോദര്യത്തെ ഭിന്നിപ്പിക്കാനാണ് ഈ കുഴിയൊക്കെ കുഴിക്കുന്നതെന്ന് തിരിച്ചറിയണം. ശാസ്ത്ര പുരോഹിതർ പോലും വിളമ്പുന്നത് മണ്ഡത്തരങ്ങളാകുന്നു. ഭരണഘടന ശിൽപി ബി ആർ അംബേദ്കറെ പോലും അപമാനിക്കാനുള്ള വേദിയാക്കി സഭയെ മാറ്റി. മതേതരത്വം തകരുന്ന വിഷയങ്ങളിൽ സഭയിൽ പ്രമേയം അവതരിപ്പിക്കുമ്പോൾ മൃതുസമീപനമാണ് കോൺഗ്രസും സ്വീകരിക്കുന്നത്.
ജില്ലാ കമ്മിറ്റിയംഗം ഇ കുഞ്ഞിരാമൻ അധ്യക്ഷനായി. പി കരുണാകരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി പി പി മുസ്തഫ, കെ വി ജനാർദ്ദനൻ, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് പി സി സുബൈദ, പി പി പ്രസന്നകുമാരി, എം വി കോമൻനമ്പ്യാർ, ടി വി ഗോവിന്ദൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി കുഞ്ഞികണ്ണൻ സ്വാഗതം പറഞ്ഞു.