കാഞ്ഞങ്ങാട് :സ്കൂൾ കുട്ടികളുടെ അവധിക്കാല സഹവാസ ക്യാമ്പുകളിൽ പാട്ടും കളിയും ചിരിയും കാര്യവുമായി ‘മഞ്ഞുരുക്കൽ’ സെഷൻ കൈകാര്യം ചെയ്യുക അധ്യാപകന്മാരാണ് . അധ്യാപികമാരോ മറ്റു വനിതകളോ ഈ രംഗത്ത് ശോഭിക്കുക വിരളവുമാണ്.നന്നായി ക്ലാസെടുക്കുന്ന ടീച്ചർമാർ പോലും ഭയപ്പാടില്ലാതെ സധൈര്യം ഇത്തരം ക്ലാസുകൾ കൈകാര്യം ചെയ്യാൻ വരാത്തതിനാൽ ഈ രംഗത്ത് ഇന്നും പുരുഷാധിപത്യം തന്നെ . എന്നാൽ ഒന്നാം ക്ലാസ് ഒന്നാം തരമാക്കി ക്ലാസെടുക്കുന്ന കാഞ്ഞങ്ങാട് കടപ്പുറം പി പി ടി എസ് എ എൽ പി സ്കൂളിലെ കെ.വി . അശ്വതി ടീച്ചർ ഈ രംഗത്ത് ശ്രദ്ധേയ വനിതയായി മാറുന്നു. ഉപ്പിലിക്കൈ ഗവ .ഹയർ സെക്കണ്ടറി സ്കൂളിൻ്റെ എൻ എസ് എസ് ക്യാമ്പ് സമന്വയം ’24 ക്രിസ്മസ് അവധിക്കാലത്ത് മേക്കാട്ട് മടിക്കൈ സെക്കൻ്റ് ജിവിഎച്ച്എസ് സ്കൂളിൽ നടന്നപ്പോൾ ക്യാമ്പിൽ അനായാസേന പതിനൊന്നാം ക്ലാസുകാരായ വളണ്ടിയർമാർക്കൊപ്പം പാട്ടും കളിയുമായി ടീച്ചർ പകർന്നത് നവ്യാനുഭവമെന്ന് കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാനത്തെ എൻ എസ് എസ് ക്യാമ്പുകളിൽ ഇത്തവണ ‘ ലീഡർഷിപ്പ് ആൻ്റ് ഡവലപ്മെൻ്റ് ആൻ്റ് ഗ്രൂപ്പ് ഡൈനാമിക്സ്’ സെഷൻ കൈകാര്യം ചെയ്ത ഏക വനിതയാണ് അശ്വതി ടീച്ചർ എന്നത് ശ്രദ്ധേയമാണ്
.കൂടാതെ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ എസ് പി സി ക്യാമ്പിലും ഐസ് ബ്രേക്കിംഗ് സെഷൻ കൈകാര്യം ചെയ്തത് അശ്വതി ടീച്ചർ തന്നെ.വിക്ടേർസ് ചാനലിൽ ഒന്നാം ക്ലാസുകാർക്കായി ക്ലാസെടുക്കാൻ അവസരം ലഭിച്ചിരിക്കുന്ന ടീച്ചർ പ്രൈമറി അധ്യാപികമാർക്ക് പരിശീലനം നൽകുന്ന സ്റ്റേറ്റ് എസ് ആർ ജി ട്രെയിനർ കൂടിയാണ്. സൈനിക സേവനം പൂർത്തിയാക്കിയ ചായ്യോം
തേജസ്വിനി റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ടി.വി. ബിജുവിൻ്റെ പത്നിയാണ്. മടിക്കൈ ജിഎച്ച് എസ് എസിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി ആർദ്ര , കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസുകാരൻ വിനായക് എന്നിവർ മക്കൾ.