കാസർകോട് : പെരിയ കേസിൽ നാലുനേതാക്കളെ രാഷ്‌ട്രീയ പ്രേരിതമായാണ് സിബിഐ പ്രതി ചേർത്തതെന്ന സിപിഐ എം വാദം സാധൂകരിക്കുന്നതാണ് ഹൈക്കോടതി സ്‌റ്റേയിലൂടെ മനസിലാകുന്നതെന്ന് ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു.
സിബിഐ ബോധപൂർവം പ്രതിചേർത്ത പത്തുപേരിൽ ആറുപേരെയും വെറുതെ വിട്ടയാണ്. ജില്ലാസെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമനടക്കമുള്ളവർക്ക് കൊലയിലോ ഗൂഡാലോചനയിലോ പങ്കില്ലെന്നും കോടതി പറഞ്ഞതാണ്. ഇതുതന്നെയാണ് പാർടിയും തുടക്കം മുതൽ പറഞ്ഞത്. സെക്‌ഷൻ225 പ്രകാരം നാല് നേതാക്കൾ കുറ്റക്കാരാണെന്ന് കോടതി പറഞ്ഞത്, വലിയ ആഘോഷമായി കോൺഗ്രസും ചില മാധ്യമങ്ങളും കണ്ടു. അവർക്കുള്ള തിരിച്ചടി കൂടിയാണ് ഇപ്പോൾ ഹൈക്കോടതിയിൽ നിന്നുണ്ടായത്. നേതാക്കളെ രാഷ്ട്രീയ പ്രേരിതമായി പ്രതിയാക്കി, എന്ന് ബോധ്യമുള്ളതിനാലാണ്, അവർക്കായി മാത്രം പാർടി നിയമപോരാട്ടം നടത്തിയത്. അത് ഫലം കാണുമെന്ന് തന്നെയാണ് നീതയിലും നിയമത്തിലും വിശ്വസിക്കുന്ന പാർടി വിശ്വസിക്കുന്നത്. അതിന്റെ തുടക്കമാണ് ശിക്ഷാവിധി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതിയിൽ നിന്നുണ്ടായതെന്ന് എം വി ബാലകൃഷ്‌ണൻ പറഞ്ഞു.