കൊടക്കാട് : സിനിമകളിലെന്ന പോലെ മഞ്ഞും തണുപ്പും അക്ഷരങ്ങളിലൂടെ അനുഭവിപ്പിക്കാൻ കഴിഞ്ഞ അപൂർവം എഴുത്തുകാരിലൊരാളാണ് എം.ടി. എന്ന് ദേശീയ അധ്യാപക അവാർഡ് ജേതാവും ഗ്രന്ഥശാലാ പ്രവർത്തകനുമായ കൊടക്കാട് നാരായണൻ പറഞ്ഞു. ‘മഞ്ഞ് ‘ വായിക്കുമ്പോൾ സിനിമയിലെന്ന പോലെ മഞ്ഞു കൂമ്പാരങ്ങളുടെ തണുപ്പിൻ്റെ തീവ്രത ശരീരത്തെ കോരിത്തരിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു. വായനയിലൂടെ ഉത്തരാഖണ്ഡിലെ മഞ്ഞുമലകളിലേക്ക് മനസ്സിനെ നയിക്കുന്ന എഴുത്തിൻ്റെ മാന്ത്രിക സ്പർശമാണ് മഞ്ഞ്. പാടിക്കീൽ എ.കെ. ജി സ്മാരക ഗ്രന്ഥാലയത്തിൽ “ഒരു മുറി കണ്ണാടിയിലൊന്നു നോക്കി “എന്ന് പേരിട്ട എം.ടി. അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വളർത്തു മൃഗങ്ങൾ ‘ എന്ന സിനിമയ്ക്കു വേണ്ടി എം.ടി. രചന നിർവഹിച്ച നാലു ഗാനങ്ങളിൽ എസ്. ജാനകിയുടെ ആലാപനത്തിലൂടെ ഹിറ്റായ ഗാനത്തിൻ്റെ പല്ലവിയാണ് പരിപാടിക്ക് നൽകിയത്. പി.വി. സനൽകുമാർ അധ്യക്ഷനായി. സെക്രട്ടരി കെ. രാമചന്ദ്രൻ സംസാരിച്ചു. അരവിന്ദൻ കൂക്കാനം ഓടക്കുഴൽ വാദനവും എം.വി. രാജൻ ഗാനാലാപനവും നടത്തി. എം.ടി.യുടെ രചനകളെ കോർത്തിണക്കി കെ സി മാധവൻ രചിച്ച കവിത ഹൃദ്യമായ അനുഭവമായി.