കാഞ്ഞങ്ങാട് : ആടിനെ കടിച്ചുകൊന്ന് നാടിനെ ഭീതിയിലാക്കിയ പുലിയെ പിടിക്കാൻ വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം തിരച്ചിൽ ആരംഭിച്ചു. പുലിയിറങ്ങിയ മടിക്കൈ തോട്ടിനാട് കുറ്റിയടുക്കം കണ്ണാടി പാറയിൽ എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ മുതൽ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിൻ്റെ നേതൃത്വത്തിലുള്ള ആർ.ആർ.ടി സംഘം തിരച്ചിലാരംഭിച്ചത്. ഇന്നലെ
രാത്രി പുലിയെ കണ്ട പ്രദേശത്തും പ്രദേശത്തെ കാടുകളിലും തിരച്ചിൽ നടത്തുന്നുണ്ട്. കാസർകോട് നിന്നു മെത്തിയ ആറംഗ സംഘത്തോടൊപ്പം നാട്ടുകാരും സഹായത്തിനുണ്ട്. ഇതോടൊപ്പം തോട്ടിനാട്ട് വനം വകുപ്പ് ക്യാമറ ട്രാപ്പ് സ്ഥാപിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. പ്രീതയും സ്ഥലത്തെത്തി. സ്വകാര്യ വ്യക്തിയുടെ പത്ത് ഏക്കർ വരുന്ന സ്ഥലം കാട് മൂടി കിടക്കുന്ന സ്ഥലത്താണ് പുലിയെ കണ്ടത്. പുലി ഈ കാട്ടിലുണ്ടാകാമെന്നാണ് നിഗമനം. ഈ കാട് വെട്ടി തെളിക്കാൻ സ്ഥലമുടമയോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പുലി കടിച്ചു കൊന്ന ആടിൻ്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്ത് സംസ്ക്കരിച്ചു.