കാസർകോട്∙ മൊഗ്രാൽ പേരാൽ പൊട്ടോടിമൂല വീട്ടിൽ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകൻ അബ്ദുൽ സലാമിനെ(22) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികളെയും ജീവപര്യന്തം കഠിനതടവിനും 2 ലക്ഷം രൂപ വീതം പിഴയടക്കാനും ജില്ലാ അഡീഷണൽ സെഷൻസ് (രണ്ട്) കോടതി വിധിച്ചു. കുമ്പള ബദരിയ നഗറിലെ മാങ്ങമുടി സിദ്ദിഖ് (46), ഉമ്മർ ഫാറൂഖ് (36), പെർവാഡിലെ സഹീർ (36), പേരാലിലെ നിയാസ് (38), ആരിക്കാടി ബംബ്രാണിയിലെ ഹരീഷ് (36), പെർവാഡ് കോട്ടയിലെ ലത്തീഫ് (43) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്
പ്രതികൾക്ക് സഹായം ചെയ്തതിന് കുറ്റാരോപിതരായ രണ്ട് പേരെ കോടതി വെറുതേ വിട്ടിരുന്നു. 2017 ഏപ്രിൽ 30നു വൈകിട്ട് കുമ്പള മൊഗ്രാൽ മാളിയങ്കര കോട്ടയിൽ ആളൊഴിഞ്ഞ സ്ഥലത്താണ് സലീമിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അബ്ദുൽ സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദിന്(28) അക്രമത്തിൽ കുത്തേറ്റ് പരുക്കേറ്റിരുന്നു.