കരിവെള്ളൂർ :മരണം പ്രൃകൃതി ദുരന്തങ്ങളെയും അപകടങ്ങളെയും പോലെ മനുഷ്യരുടെ അനുവാദത്തിന് കാത്ത് നിൽക്കാറില്ലെന്ന് സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ ഡോ. കെ വി സജീവൻ പറഞ്ഞു.ജീവിതത്തിൽ ദുരന്തങ്ങൾ വന്നു ചേരരുതേ എന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ടെങ്കിലും ദുരന്തങ്ങളും അപകടങ്ങളും പലരുടേയും ജീവിതത്തെ പൊടുന്നനെ മാറ്റിമറിക്കുന്നു. അദ്ദേഹം പറഞ്ഞു. പാലക്കുന്ന് പാഠശാലയിൽ ഉപേന്ദ്രൻ മടിക്കൈ രചിച്ച നോവൽ ‘മരണാസക്തൻ’ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
മരണത്തെ കാത്തു കിടക്കുന്ന ഹതാശയായവരുടെ വിവിധ സംഘർഷങ്ങളാണ് “മരണാസക്തൻ “എന്ന നോവലിലൂടെ വിവരിക്കുന്നത്.
കുഞ്ഞനന്തൻ എന്ന നട്ടെല്ല് തകർന്ന് കിടപ്പു രോഗിയായ കഥാപാത്രത്തിൻ്റെ വീക്ഷണത്തിലൂടെയാണ് നോവലിൻ്റെ ആഖ്യാനം നിർവ്വഹിച്ചിരിക്കുന്നത്.
കുഞ്ഞനന്തൻ തെങ്ങിൽ നിന്ന് വീണ് നട്ടെല്ല് പൊട്ടി മുറിക്കകത്ത് കഴിയാൻ നിർബ്ബന്ധിക്കപ്പെട്ട് അകാലത്തിൽ വാർദ്ധക്യം ബാധിച്ചപ്പോൾ ഗതകാലത്തെ സുന്ദരമായ ഓർമ്മകളിലൂടെ കടന്നുപോകുന്നു. വടക്കുമ്പാട് കൊടക്കൽ കുഞ്ഞിക്കണ്ണൻ ഭാനുമതി ദമ്പതികളുടെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ ഗോപി പാറപ്പുറത്ത് അധ്യക്ഷനായി.
ഉപേന്ദ്രൻ മടിക്കൈ രചനാനുഭവം പങ്കുവെച്ചു. സതി ഞെക്ലി, അബ്ദുൾ സമദ് ടി.കെ , മധു കൊടക്കൽ , കൊടക്കാട് നാരായണൻ, കൊടക്കൽ കുഞ്ഞിക്കണ്ണൻ,പി.വി. വിജയൻ സംസാരിച്ചു.