നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം 2025 മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പെരുംങ്കളിയാട്ടത്തിന്റെ മുന്നോടിയായി ആചാരം കൊള്ളൽ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ക്ഷേത്രത്തിൽ ഒഴിവുള്ള 4 സ്ഥാനികരാണ് ആചാര സ്ഥാനികരുടെയും കുടുംബാംഗങ്ങ ളുടെയും ജനപ്രതിനിധികളുടെയും പെരുങ്കളി യാട്ട സംഘാടകസമിതി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ആചാരം കൊണ്ടത്. തായ് വീട് തറവാട് കാരണവരായി തായ് വീട്ടിൽ സോമനും പയങ്ങപ്പാടൻ തറവാട് കാരണവരായി പയ ങ്ങപ്പാടൻ കൃഷ്ണനും പുതിയപറമ്പൻ തറവാട് കാരണവരായി പുതിയപറമ്പൻ ഗോവിന്ദനും ഇടത്തിരിയനായി രമേശൻ എടയക്കാലും ആചാരസ്ഥാനം ഏറ്റു. ക്ഷേത്രം കോയ്മ ഹരിറാം
കോണത്ത് സ്ഥാനപേര് ചൊല്ലി വിളിച്ചതോടുകൂടി ഉപചാര ചടങ്ങുകൾക്ക് തുടക്കമായി . തുടർന്ന് അടിയന്തരാദി കർമ്മങ്ങളും താലികെട്ടോടുകൂടി പന്തൽ മംഗലവും നടന്നു. പതിനൊന്നായിരം കാരയപ്പം ആചാര സ്ഥാനികർക്ക് വിളമ്പുന്ന ചടങ്ങും പന്തൽ മംഗലത്തോടനുബന്ധിച്ചുള്ള അനുഷ്ഠാനങ്ങളും ക്ഷേത്രത്തിലെത്തിയ പുതിയ തലമുറയിൽപ്പെട്ടവർക്ക് ഒരു വ്യത്യസ്ത അനുഭവമായി മാറി.വിവിധ ക്ഷേത്രങ്ങളിൽ നിന്നും കഴകങ്ങളിൽ നിന്നും തറവാടുകളിൽ നിന്നും ആചാര സ്ഥാനികരുൾപ്പെടെ ആയിരക്കണക്കിനാളുകൾ ചടങ്ങിന് ദൃക്സാക്ഷികളായി.