കണ്ണൂർ : ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും തറവാടുകളിലും ഭക്തിയുടെയും വിശ്വാസത്തിന്റെയും ഭാഗമായി ലക്ഷക്കണക്കിന് ഭക്തർ ആരാധിച്ചുപോകുന്ന തെയ്യങ്ങളെ ക്ലബ്ബുകളിലും, സ്റ്റേഡിയങ്ങളിലും, സംസ്കാരിക ഘോഷയാത്രയിലും പ്രദർശന വസ്തുവായി തെരുവിലേക്ക് വലിച്ചിഴക്കുന്നത് വിശ്വാസി സമൂഹത്തോട് ഉള്ള വെല്ലുവിളിയാണെന്ന് കണ്ണൂരിൽ ചേർന്ന തിയ്യ മഹാസഭാ സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്‌തു കൊണ്ട് സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം പറഞ്ഞു. കഴിഞ്ഞ് ഞായറാഴ്ച അജ്‌മാൻ വിന്നേഴ്സ് ക്ലബ് മൈതാനത്ത് അരങ്ങേറിയ തെയ്യങ്ങളുടെ പ്രദർശനം വിശ്വാസികളെ സംബന്ധിച്ച് ഒരിക്കലും നടക്കാൻ പാട് ഇല്ലാത്തതാണ്. ഇതിൽ തിയ്യ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. അജ്മാനിലെ തെയ്യങ്ങളെ കെട്ടാനും അതിന് വേണ്ട എല്ലാ കാര്യത്തിനും നേതൃത്വം കൊടുത്തതും ഭാരതത്തിൽ ആദ്യമായി ഈ വർഷം തെയ്യം മേഖലയിൽ പത്മശ്രീ അവാർഡ് ഏറ്റു വാങ്ങിയ പെരുവണ്ണാനും അറിയപ്പെടുന്ന പെരുമലയനും അടക്കമുള്ള പ്രമുഖർ ആണെന്ന് കാര്യം ഏറെ ഞെട്ടിപ്പിക്കുന്നതാണ്.സാമ്പത്തിക നേട്ടത്തിന് വേണ്ടി ഇത്തരം ആചാര, അനുഷ്ഠാനങ്ങളെ ക്ഷേത്ര മതിൽ കെട്ടിന് പുറത്തു കൊണ്ട് പോയി ഭക്തരുടെ വിശ്വാസങ്ങളെ വ്രണപെടുത്തുന്ന ഇത്തരം സംഭവം ഇനിയും ആവർത്തിക്കുകയാണെങ്കിൽ തിയ്യ മഹാസഭാ പത്ര പ്രസ്താവനകൾക്ക് അപ്പുറം ശക്തമായമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും തിയ്യ മഹാസഭാ സംസ്ഥാന കമ്മിറ്റി യോഗം അറിയിച്ചു. അജ്മാനിലെ തെയ്യവുമായി ബന്ധപ്പെട്ട് കടാങ്കോട്ട് മാക്കം ഭഗവതിയുടെ മൂലസ്ഥാനമായ കുഞ്ഞിമംഗലം ആരുഡ തറവാട് ശ്രീ കടാങ്കോട് മാക്കം ഭഗവതി ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി നവംബർ 9 ന് യോഗം ചേർന്ന് ഇതിന് എതിരെ ഉള്ള പ്രതിഷേധവും വിയോജിപ്പും രേഖമൂലം തെയ്യത്തിന് നേതൃത്വം കൊടുത്ത പെരുമലയനെയും സംഘാടകരെയും അറിയിച്ചിട്ടും അത് ഒന്നും മുഖവിലക്ക് എടുക്കാതെ പോയ കാര്യം ഏറെ ഗൗരവകരമാണ്.തെയ്യങ്ങളെ വിശ്വാസത്തോടും ഭക്തിയോടും കാണുന്ന ഒരു സമൂഹത്തെ വെല്ലുവിളിച്ചാണ് ഇത്തരം ആൾകാർ പോകുന്നത് എങ്കിൽ ഇവർക്ക് ഇനി ക്ഷേത്രങ്ങളിൽ തെയ്യം കെട്ടാൻ അവസരം കൊടുക്കാതെ ഇരിക്കുവാനാനുള്ള ശക്തമായ തീരുമാനത്തിലെക്ക് വടക്കൻ മലബാറിലെ ക്ഷേത്ര കമ്മിറ്റിയും സമുദായ സംഘടനകളും എത്തിച്ചേരണമെന്നും അതിന് തിയ്യ മഹാസഭയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും സംസ്ഥാന കമ്മിറ്റി യോഗം അറിയിച്ചു. വടക്കൻ മലബാറിൽ തെയ്യം കെട്ടാൻ അവകാശമുള്ള സമുദായത്തിലെ സംഘടനകൾ ഈ വിഷയത്തിൽ കർശനമായ തീരുമാനം എടുക്കാൻ തയ്യാറാവണമെന്നും തിയ്യ മഹാസഭാ സംസ്ഥാന കമ്മിറ്റി യോഗം ആവിശ്യപ്പെട്ടു. കണ്ണൂർ കൽപക റെസിഡൻസിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സൗദാമിനി നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ലക്ഷ്മണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സുനിൽ കുമാർ ചാത്തമത്ത്, പ്രേമാനന്ദൻ നടുത്തൊടി,മഹിളാ തിയ്യ മഹാസഭാ സംസ്ഥാന അധ്യക്ഷ തങ്കമണി ടീച്ചർ, വിവിധ ജില്ലാ ഭാരവാഹികളായ അയ്യപ്പൻ പട്ടാളത്തിൽ, മോഹനൻ കണിയാമ്പറ്റ, വാസുദേവൻ പനോളി, എം ടി പ്രകാശൻ, പി സി വിശ്വംഭരൻ പണിക്കർ തുടങ്ങിയവർ ജില്ലകളിലെ സംഘടനാ പ്രവർത്തനങ്ങളെ കുറച്ച് വിശദീകരിച്ചു.തിയ്യ മഹാസഭായുടെ സംസ്ഥാന കോർഡിനേറ്ററായി ഗണേശൻ മാവിനക്കട്ടയെ യോഗം ചുമതലപ്പെടുത്തി.സംസ്ഥാന ട്രെഷറർ സി കെ സദാനന്ദൻ സംഘടനാ സാമ്പത്തിക കാര്യങ്ങൾ അവതരിപ്പിച്ചു