നീലേശ്വരം:എ.ഡി.ജി.പി. അജിത് കുമാർ ആർ.എസ്.എസ്. നേതാവിനെ കണ്ടതിലും സംസാരിച്ചതിലും തെറ്റില്ലെന്ന് സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. സി.പി.എം. നീലേശ്വരം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് നീലേശ്വരം പാലസ് ഗ്രൗണ്ടിൽ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി. രാഷ്ട്രീയ പാർട്ടി നേതാക്കളെ കാണുന്നതിൽ എന്ത് അന്തർധാരയെന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മാർക്‌സിറ്റ് വിരുദ്ധ രോഗം ബാധിച്ചിരിക്കുകയാണ് . അയാൾ എന്താണ് പറയുന്നതെന്ന് അയാൾക്ക് നിശ്ചയമില്ല. തൃശൂരിൽ 86985 വോട്ട് യൂ.ഡി.എഫിന് കുറഞ്ഞു. 16226 വോട്ട് എൽ.ഡി.എഫിന് വർധിച്ചു. 76000-ൽപരം വോട്ടിന് സുരേഷ് ഗോപി വിജയിച്ചു. ഇതിൽ എന്താണ് അന്തർധാര- ഇ.പി.ജയരാജൻ ചോദിച്ചു.
മുഖ്യമന്ത്രിക്ക് നേരേ അക്രമംതുടങ്ങിയിട്ട് കാലമെത്രയായി. എന്തെങ്കിലും വാസ്തവം ഉണ്ടോ. കേരളത്തെ വികസനപാതയിലേക്ക് നയിക്കുന്ന പാർട്ടിയെ തകർക്കണമെങ്കിൽ നേതാക്കളെ തകർക്കണം. അതാണ് ബി.ജെ.പി.യും കോൺഗ്രസും നടത്തികൊണ്ടിരിക്കുന്നതെന്നും ഇത് തിരിച്ചറിയാൻ പാർട്ടി പ്രവർത്തകർക്ക് കഴിയണമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. പൊതുസമ്മേളനത്തിൽ സിപിഎം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജൻ അധ്യക്ഷനായി.