കല്ലഞ്ചിറയിൽ വെച്ച് രണ്ട് ദിവസങ്ങളിലായി നടന്ന എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല സർഗ്ഗലയത്തിൽ അജാനൂർ കടപ്പുറം പാലായി യൂണിറ്റ് ജേതാക്കളായി.
തുടർച്ചയായി മൂന്നാം തവണയും കിരീടം നേടിയതോടെ അജാനൂർ കടപ്പുറം പാലായി യൂണിറ്റിന് ഹാട്രിക്ക് കിരീട നേട്ടമെന്ന റെക്കോർഡും സ്വന്തമായി. 308 പോയിന്റുകൾ നേടി അജാനൂർ കടപ്പുറം പാലായി യൂണിറ്റ് ഒന്നാം സ്ഥാനം നേടിയപ്പോൾ 261 പോയിന്റോടെ സൗത്ത് ചിത്താരി രണ്ടാം സ്ഥാനവും 233 പോയിന്റോടെ ബല്ലാകടപ്പുറം മൂന്നാം സ്ഥാനവും സ്വന്തമാക്കി. പെൺകുട്ടികളുടെ ആർട്ട് ഫെസ്റ്റിൽ 91 പോയിന്റോടെ അജാനൂർ കടപ്പുറം പാലായി യൂണിറ്റ് കിരീടം നിലനിർത്തിയപ്പോൾ 88 പോയിന്റോടെ ബാവാനഗർ യൂണിറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 29 യൂണിറ്റുകളിൽ നിന്നുമായി ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുത്ത സർഗ്ഗലയം കലാമത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി അജാനൂർ കടപ്പുറം പാലായി യൂണിറ്റിന്റെ മുസമ്മിൽ സി പി ടോപ്പ് സ്റ്റാർ അവാർഡ് സ്വന്തമാക്കി. ജേതാക്കൾക്കുള്ള ട്രോഫി സർഗ്ഗലയം കമ്മിറ്റി ചെയർമാൻ എ സി ലത്തീഫ്, എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് സയ്യിദ് യാസിർ തങ്ങൾ എന്നിവർ ചേർന്ന് കൈമാറി.