നീലേശ്വരം:രാഷ്ട്രീയ തത്വചിന്തകനും ചരിത്രകാരനുമെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ജവഹർലാൽ നെഹ്റുവിനെ അതിനേക്കാളുമെല്ലാമുപരി മതേരത്വത്തിൻ്റേയും ജനാധിപത്യത്തിൻ്റേയും രാജ്ഗുരുവായിട്ടാണ് ലോകം കാണുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ സോണി സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജവഹർലാൽ നെഹ്റുവിൻ്റെ 135 -ാമത് ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നെഹ്റു അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കോളനി വാഴ്ചയിൽ നിന്നും ഇന്ത്യക്കൊപ്പം മോചിതമായ മറ്റു പല രാജ്യങ്ങളും പിൽക്കാലത്ത് സ്വേഛാധിപത്യത്തിൻ്റെ പിടിയിലമർന്നപ്പോഴും ഇന്ത്യയിൽ ജനാധിപത്യം കരുത്തോടെ തഴച്ചുവളർന്നത് പണ്ഡിറ്റ്ജി യുടെ ഏറ്റവും വലിയ നേട്ടമായിട്ടാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: പി. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി മാമുനി വിജയൻ, പി. രാമചന്ദ്രൻ, ശിവപ്രസാദ് അറു വാത്ത് ,അനൂപ് ഓർച്ച, പി.രമേശൻ നായർ, കെ.കെ. കൃഷ്ണൻ,ജവഹർ ബാൽ മഞ്ച് ബ്ലോക്ക് തലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ വിജയിയായ ആവന്തിക മനോജ് എന്നിവർ പ്രസംഗിച്ചു.