നീലേശ്വരം: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കരുവാച്ചേരി ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കണമെന്ന് സിപിഎം സെൻട്രൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. അടിപ്പാത ഇല്ലാതെ പോയാൽ നീലേശ്വരം നഗരസഭയിലെ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടുപോകുന്ന സ്ഥിതിയാണ് ഉള്ളത്. കരുവാച്ചേരി, കൊയാമ്പുറം, കോട്ടപ്പുറം, തുരുത്തി, ഉച്ചുളിക്കുതിർ, ഓർച്ച തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾക്കും കോട്ടപ്പുറം ജുമാ മസ്ജിദ് , തുരുത്തി നീലമംഗലം ക്ഷേത്രം , കോട്ടപ്പുറം വൈകുണ്ഠം ക്ഷേത്രം, കൊയാമ്പുറം മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള വിശ്വാസികൾക്കും കരുവാച്ചേരി ജംഗ്ഷനിൽ അടിപ്പാത ഇല്ലാതെ വന്നാൽ ഏറെ ദുരിതമനുഭവിക്കേണ്ടി വരും. ഇതിനുപുറമെ കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ, അഴിത്തല ബീച്ച്,പുലിമുട്ട്, തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള എളുപ്പവഴി കൂടിയാണ് ഇത്. ഇവിടെ അടിപ്പാത നിർമ്മിച്ചില്ലെങ്കിൽ ടൂറിസം വ്യവസായിത്തെയും ഇത് പ്രതികൂലമായി ബാധിച്ചേക്കും.വിവിധ ഗ്രാമീണ റോഡുകൾ സംഗമിക്കുന്ന സ്ഥലം കൂടി ആയതിനാൽ ഇവിടെ അടിപ്പാത നിർമ്മിക്കണമെന്നും സിപിഎം ലോക്കൽ കമ്മറ്റി അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.