നീലേശ്വരം: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ നീലേശ്വരം നഗരസഭയെ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത പ്രഖ്യാപിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി ഗൗരി അധ്യക്ഷത വഹിച്ചു. ഹരിത ടൂറിസം സർട്ടിഫിക്കറ്റ് ചെയർപേഴ്സണിൽ നിന്നും വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം ഏറ്റുവാങ്ങി.നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ കെ. ബാലകൃഷ്ണൻ ഹരിത ടൂറിസവുമായി ബന്ധപ്പെട്ട വിഷയം വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഭാർഗവി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ നവ കേരള മിഷൻ റിസോഴ്സ് പേഴ്സൺ പിവി ദേവരാജൻ മാസ്റ്റർ, മെഡോസ് ടൂറിസത്തിന്റെ ഡയറക്ടർ എം കെ രാജശേഖരൻ മാസ്റ്റർ എന്നിവർ അറിയിച്ചു സംസാരിച്ചു. ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി മനോജ് കുമാർ സ്വാഗതവും ക്ലീൻ സിറ്റി മാനേജർ എ കെ പ്രകാശൻ നന്ദിയും പറഞ്ഞു