നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പ്രതികൾക്കെതിരെ വധശ്രമക്കുറ്റവും ചുമത്തി. ഭാരതീയ നിയമ സംഗീതം സംഹിത 109 (1) വകുപ്പു പ്രകാരമുള്ള കേസാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പരമാവധി പത്തു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത് . അതിനിടെ കേസിൽ ഒരാളെ കൂടി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് അറസ്റ്റ് ചെയ്തു.വെടിക്ക് തീ കൊളുത്തിയ തൈക്കടപ്പുറം കൊട്രച്ചാൽ മുത്തപ്പൻ തറയ്ക്ക് സമീപത്തെ കെ.വി.വിജയനെ (65) ആണ് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ രാജേഷിന് മുമ്പ് ആദ്യം വെടിക്ക് തീ കൊളുത്തിയത് വിജയനാണെന്ന് പൊലിസ് പറഞ്ഞു. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ വിജയനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തു. കേസിൽ ചൊവ്വാഴ്ച്ച അറസ്റ്റ ചെയ്ത ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ കെ.ടി ഭരതൻ, വെടിമരുന്നിന് തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രതീഷ്, എന്നിവരും റിമാന്റിലാണ്. ഇവർക്ക് പുറമെ ക്ഷേത്രം ഭാരവാഹികളായ എവി ഭാസ്ക്കരൻ ,തമ്പാൻ, ചന്ദ്രൻ ,ബാബു ,ശശി എന്നിവർക്കൂടി കേസിൽ പ്രതികളാണ്. ഇവർ ഒളിവിൽ ആണെന്ന് ഇവരെ അറസ്റ്റ് ചെയ്യാൻ അന്വേഷണം വ്യാപകമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.