കാസർഗോഡ് : അനധികൃത മത്സ്യ ബന്ധനം നടത്തിയ രണ്ട് കർണാടക ബോട്ടുകൾ പിടികൂടി 5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്. കോസ്റ്റൽ പൊലിസ് , മറൈൻ എൻഫോഴ്സ്മെൻ്റ്, ഫിഷറീസ് വകുപ്പ് എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല പെട്രോളിംഗിലാണ് ബോട്ടുകൾ പിടി കൂടിയത്. ഞായറാഴ്ച്ച രാത്രി നിലേശ്വരം തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ നിരോധിച്ച പെഴ്സീൻ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനു കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടക ബോട്ടുകളായ ബ്രിന്ദാവൻ, തിരംഗ എന്നിവയുടെ ഉടമകൾക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടികൾക്ക് ശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബ് പിഴ വിധിച്ചത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ തസ്നിമ ബീഗത്തിൻ്റെ നിർദ്ദേശ പ്രകാരം കുമ്പള മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസറായ ഷിനാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്.മറൈൻ എൻഫോഴ്‌സ്മെൻ്റ് വിംഗിലെ അർജ്ജുൻ തൃക്കരിപ്പൂർ കോസ്റ്റൽ പൊലിസ് സ്റ്റേഷനിലെ CPO പ്രമോദ് ബേക്കൽ കോസ്റ്റൽ പൊലിസ് സ്റ്റേഷനിലെ CPO പവിത്രൻ സീ റെസ്ക്യു ഗാർഡ്മാരായ അജീഷ് കുമാർ, ശിവകുമാർ, സ്രാങ്ക് ഷൈജു എഞ്ചിൻ ഡ്രൈവർ വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. നിയമലംഘനം നടത്തി കേരള തീരത്ത് മാത്‍സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് കാസറഗോഡ് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.