ബാല സാഹിത്യത്തോളം മികച്ച രചനകൾ ലോക സാഹിത്യത്തിൽ മറ്റൊരു വിഭാഗത്തിലും ഉണ്ടായിട്ടില്ലെന്ന് കവി പ്രഫ. വി. വീരാൻ കുട്ടി പറഞ്ഞു. കുമാരനാശാൻ്റെ പുഷ്പവാടിയിലെ ഈ വല്ലിയിൽ നിന്നു ചെമ്മേ.. എന്ന വരികളോളം നല്ല വരികൾ മഹാകവിയുടെ തൂലികയിൽ നിന്ന് ഉണ്ടായിട്ടില്ല. ഉള്ളൂരും ജി. ശങ്കരക്കുറുപ്പും കുട്ടികൾക്ക് വേണ്ടി എഴുതിയ കവിതകൾ പ്രശസ്തമാണ്. അദ്ദേഹം പറഞ്ഞു. യുവകവയിത്രിയും ചിത്രകാരിയുമായ സ്മിത ഭരതിൻ്റെ കാവ്യ സമാഹാരത്തിൻ്റെ പ്രകാശനം തൃക്കരിപ്പൂർ നടക്കാവ് റോട്ടറി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മനുഷ്യരും അവരുടെ ജീവിത ഒരു കവിയെ പോറ്റുന്നു. കവിത തുളുമ്പുന്ന കാവ്യാത്മക ഭാഷയാണ് കുട്ടികളുടെത്. എഴുത്തിലൂടെ കുട്ടികളെ സന്തോഷിപ്പിക്കുന്നതിനേക്കാൾ വലിയ സർഗാത്മക പ്രവർത്തനം വേറെയില്ല. എഴുത്തുകാരി ടി. ബിന്ദു പുസ്തകം സ്വീകരിച്ചു. 29 കവിതകളുടെ സമാഹാരമാണ് മുറ്റത്തൊരമ്പിളിക്കിണ്ണം എന്ന പുസ്തകം. തങ്കയം സ്വദേശിയും കടമ്പാർ ഗവ. ഹൈസ്കൂൾ അധ്യാപികയുമായ സ്മിതയുടെ മൂന്നാമത്തെ രചനയാണിത്. കടൽ മഷിപ്പാത്രവും വരവിളിയുമാണ് മറ്റു രചനകൾ. പുസ്തകത്തിൻ്റെ മുഖചിത്രത്തിൻ്റെയും രേഖാ ചിത്രങ്ങളുടെയും രൂപ കല്പന നിർവഹിച്ചിരിക്കുന്നത് സ്മിത ടീച്ചർ തന്നെയാണ്. പായൽ ബുക്ക്സ് ആണ് പ്രസാധകർ. തൃക്കരിപ്പൂർ റോട്ടറി ക്ലബ്ബ് ആണ് സംഘാടകർ. നടക്കാവ് റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ റോട്ടറി പ്രസിഡൻ്റ് പി. ചന്ദ്രമോഹനൻ അധ്യക്ഷത വഹിച്ചു. കവി സി.എം. വിനയചന്ദ്രൻ പുസ്തക പരിചയം നടത്തി. എം.കെ. ഗോപകുമാർ, ഡോ. എ.കെ. ശ്രീമതി, ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ, കവി ഒയോളം നാരായണൻ, സ്മിത ഭരത് തുടങ്ങിയവർ സംസാരിച്ചു. കെ.വി. ഗംഗാധരൻ സ്വാഗതവും പ്രകാശൻ കെ വി നന്ദിയും പറഞ്ഞു.
തുടർന്ന് ആക്ഷേപ ഹാസ്യത്തിൻ്റെ പുതുമയും അനുകരണത്തിലെ വ്യത്യസ്തയും കൊണ്ട് ശ്രദ്ധേയമായ സുനിൽ കോട്ടേമ്പ്രം ഷോ അരങ്ങേറി.