നീലേശ്വരം: ശിവഗിരി മഠത്തിന്റെ കീഴിൽ ബങ്കളം കൂട്ടപ്പുന്നയിൽ നിർമ്മാണം പൂർത്തിയാക്കിയ ശ്രീനാരായണ ഗുരുമഠം നവമ്പർ മൂന്നിന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്‌ഘാടനം ചെയ്യും. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ ആശ്രമ മന്ദിരസമർപ്പണം നിർവ്വഹിക്കും. ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ പ്രാർത്ഥന മന്ദിരം ഉദ്‌ഘാടനവും ഇ.ചന്ദ്രശേഖരൻ എം എൽ എ മുഖ്യപ്രഭാഷണവും നടത്തും. തൃക്കരിപ്പൂർ എം എൽ എ എം. രാജഗോപാലൻ മുഖ്യാതിഥിയുമാകും. ഉച്ചക്ക് ശേഷം നടക്കുന്ന സർവ്വമത സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്‌ഘാടനം ചെയ്യും. സന്യാസി സംഗമവും നടക്കും. മലബാറിലെ തന്നെ പ്രധാന തീർത്ഥാടന കേന്ദ്രമാക്കാൻ ഉദ്ദേശിക്കുന്ന ശ്രീനാരായണ ഗുരുമഠം സമർപ്പണം നാടിന്റെയാകെ ഉത്സവമാക്കുന്നതിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. ജനപ്രതിനിധികൾ, സാമൂഹ്യ, സാംസ്ക്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ, സാമുദായിക സംഘടനകളുടെ പ്രതിനിധികൾ, ക്ഷേത്രങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. മാതൃസമിതിയുടെ ദൈവദശകം പ്രാർത്ഥനയോടെ തുടങ്ങിയ യോഗം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ഉദ്‌ഘാടനം ചെയ്തു. ശിവഗിരി മഠം സ്വാമി സുരേശ്വരനാന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ സ്മാരക ട്രസ്റ്റ് ചെയർമാൻ വസുമിത്രൻ എൻജിനിയർ, ഹൊസ്ദുർഗ് എസ്.എൻ. ഡി.പി യൂണിയൻ സെക്രട്ടറി പി. വി വേണുഗോപാലൻ, യോഗം ഡയറക്ടർ സി. നാരായണൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ. പ്രഭാകരൻ, ഗുരുധർമ്മ പ്രചരണ സഭ കോ ഓഡിനേറ്റർ സുധീന്ദ്ര ബാബു, കാസർകോട് ജില്ലാ ചെയർമാൻ അഡ്വ. കെ.സി ശശീന്ദ്രൻ, ജില്ലാ കോ ഓഡിനേറ്റർ ഉദിനൂർ സുകുമാരൻ, പ്രസാദ് ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു. ജി ഡി പി എസ് ജില്ലാ കൺവീനർ വിനോദ് ആറ്റിപ്പിൽ സ്വാഗതവും മധു ബങ്കളം നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ( ചെയർ.) വി.പ്രകാശൻ, അഡ്വ.കെ സി ശശീന്ദ്രൻ ( വൈസ് ചെയർമാന്മാർ) ഉദിനൂർ സുകുമാരൻ ( വർക്കിംഗ് ചെയർമാൻ) സ്വാമി സുരേശ്വരാനന്ദ ( ജനറൽ കൺവീനർ ) വിനോദ് ആറ്റിപ്പിൽ, കെ. പ്രഭാകരൻ ( കൺവീനർമാർ). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.