മടിക്കൈ: കാനന ഛായയിലാടുമേയ്ക്കാൻ ഞാനും വരട്ടെയൊ നിൻ്റെ കൂടെ ….. മധുരിത ശബ്ദത്തില്‍ തപസി പ്രത്യുഷ് പാടുകയാണ്. മേഘങ്ങള്‍ക്കിടയില്‍ നിന്ന് പൗര്‍ണമി വിരിയും പോലെ ഭാവാര്‍ദ്രമായി. വേദി പാട്ടിന്റെ ഇമ്പത്തിൽ മുഴുകി
വിധികർത്താക്കളും ശ്രോതാക്കളും ആ ശബ്ദ മാസ്‌മരികതയിൽ സ്തബ്ധരായി. ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 5 ൽ താരമായി തിളങ്ങുകയാണ് അഞ്ചു വയസുകാരി മിടുക്കിക്കുട്ടി തപസി. പാടിയ പാട്ടുകളും സ്റ്റേജിലെ കുസൃതി നിറഞ്ഞ പ്രകടനങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. മടിക്കൈ കോട്ടക്കുന്നിലെ രഹ്നയുടേയും തൃക്കണ്ണാട് മാരാൻവളപ്പിൽ പ്രത്യുഷിൻ്റെയും മകളാണ് തപസി. ടോപ് സിംഗർ സീസൺ 4 ൽ പരിശ്രമിച്ചെങ്കിലും അവസരം ലഭിച്ചില്ല. ഇപ്പോൾ സീസൺ 5 ൽ വിധികർത്താക്കളായ എം ജി ശ്രീകുമാറിൻ്റെയും അൽഫോൻസിൻ്റെയും അരുമയാണ് തപസി. ടോപ് സിംഗറിൽ ലിറ്റിൽ ഏഞ്ചൽ വിഭാഗത്തിലാണ് മത്സരം. എലിമിനേഷൻ ഇല്ലാത്തതിനാൽ സീസണിൽ മുഴുവൻ അവസരം ലഭിക്കുമെന്നതിനാൽ തപസിയ്ക്ക് തൻ്റെ കഴിവ് മുഴുവൻ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ നടന്ന ഓഡിയേഷനിൽ നൂറോളം പേർ പങ്കെടുത്തിരുന്നു. എന്നാൽ ജില്ലയിൽ നിന്ന് രണ്ടു പേർക്കാണ് അവസരം ലഭിച്ചത്. അതിലൊരാൾ തപസിയാണ്. നീലേശ്വരം രാഗവീണ സംഗീത വിദ്യാലയത്തിലെ വിപിൻ രാഗവീണയാണ് തപസിയുടെ സംഗീതത്തിലെ ഗുരു. ഒരു വർഷത്തിലധികമായി വിപിൻ്റെ ശിക്ഷണത്തിലാണ് തപസി സംഗീതം സ്വായത്തമാക്കിയത്. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലഫർ ഗേൾസ് ഹയർ സെക്കൻ്ററിയിൽ യു കെ ജി വിദ്യാർത്ഥിനിയായ തപസി പഠനം മുടങ്ങിയതിനെ കുറിച്ച് ചോദിച്ചപ്പോൾ എം ജി അങ്കിളിൻ്റെ മുമ്പിൽ പാടാലോ എന്നാണ് മറുപടി. പിതാവ് വിദേശത്തായതിനാൽ അമ്മ രഹ്‌നയാണ് മകൾക്ക് കൂട്ട് .