സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ജ്വലിക്കുന്ന ഓര്‍മ്മകൾക്ക് ഇന്ന് രണ്ട് വയസ്. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും വെല്ലുവിളികളുടെ കാലങ്ങളെ ധീരമായി നേരിട്ട ജനനായകനാണ് കോടിയേരി. കമ്മ്യൂണിസ്റ്റ് നേതാക്കൾ പൊതുവെ ചിരിക്കാറില്ലെന്ന ആരോപണത്തിന് അപവാദമാണ് സഖാവ് കോടിയേരി. എന്നും ചിരിച്ചുകൊണ്ട് അണികളെ അഭിമുഖീകരിക്കുവാനായിരുന്നു കോടിയേരിക്കിഷ്ടം. അതുകൊണ്ട് തന്നെ സമരതീഷ്ണവും സംഭവ ബഹുലവുമായ ആ ജീവിതത്തിന് ജനകോടികളുടെ മനസ്സില്‍ മരണമില്ല.
പൊലീസിന്‍റെ മുഖമുദ്ര മാറ്റിയ ആഭ്യന്തരമന്ത്രി, കേരള ടൂറിസത്തിന്‍റെ സുവര്‍ണ്ണ കാലഘട്ടം സമ്മാനിച്ച ടൂറിസം മന്ത്രി എന്നിവയ്ക്ക് പുറമെ മന്ത്രിയായും പ്രതിപക്ഷ ഉപനേതാവായും കോടിയേരി നിയമസഭയിൽ ഉയർത്തിയ ശക്തമായ നിലപാടുകൾ ഇന്നും ചർച്ചാ വിഷയമാണ്.
ഒരു കാലത്ത് പൊലീസിന്‍റെ കൊടിയ മർദ്ദനമേറ്റ വ്യക്തി തന്നെ കാലചക്രം മാറുമ്പോൾ പൊലീസിന് ജനകീയ മുഖം നൽകുന്നു. പൊലീസിനെ ഭരണകൂടത്തിന്‍റെ മര്‍ദനോപകരണം എന്ന കുപ്രസിദ്ധിയില്‍ നിന്ന് ജനസേവകരാക്കി മാറ്റിയെടുക്കുക എന്ന വലിയ കടമ്പയാണ് കോടിയേരി ബാലകൃഷ്ണൻ എന്ന അഭ്യന്തര മന്ത്രി യാഥാർത്ഥ്യമാക്കിയത്. കേരളാ പൊലീസിനെ ആധുനികവല്‍ക്കരിക്കുന്നതിലും പൊലീസുകാരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിലും വലിയ സംഭാവനയാണ് ആഭ്യന്തരമന്ത്രി എന്ന നിലയിൽ അദ്ദേഹം നല്‍കിയത്. കേരളീയർക്ക് പുതിയൊരു അനുഭവമായിരുന്നു ജനമൈത്രി പൊലീസ്. മികച്ച ഭരണാധികാരി – പാർലമെന്‍റേറിയൻ കഴിവുറ്റ പാർട്ടി സെക്രട്ടറിഎന്നീ നിലയിൽ കോടിയേരി ബാലകൃഷ്ണന്‍റെ പാദമുദ്ര ഇന്നും അവശേഷിക്കുന്നു എന്നതാണ് കോടിയേരിയെ വ്യത്യസ്ഥനാക്കുന്നത്.ആ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ റെഡ് സല്യൂട്ട്…