കാസർകോട്: അനധികൃത മീൻപിടുത്തത്തിന് പിടിയിലായ രണ്ട് കർണാടക ബോട്ടുകളിൽ നിന്ന് ഫിഷറീസ് വകുപ്പ് 5 ലക്ഷം രൂപ പിഴ ഈടാക്കി.ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കുമ്പള- ബേക്കൽ- തൃക്കരിപ്പൂർ കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ രാത്രികാല കടൽ പട്രോളിംഗിലാണ് ബോട്ടുകൾ പിടികൂടിയത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി.വി പ്രീതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമാനുസൃത രേഖകൾ ഇല്ലാതെയും തീരത്തോട് ‘ ചേർന്ന് രാത്രികാല ട്രോളിംഗ് നടത്തിയതിന് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് ദുർഗാഞ്ജനേയ, സമുദ്ര തനയ എന്നീ കർണാടക ബോട്ടുകൾ പിടികൂടി പിഴ ഈടാക്കിയത്.മറൈൻ എൻഫോഴ്സ്മെന്റ് ഗാർഡ് അർജുൻ റെസ്ക്യൂ ഗാർഡ്മാരായ മനു, അക്ബർ അലി, ബിനീഷ് , സ്രാങ്ക് ഷൈജു, വിനോദ് കോസ്റ്റൽ പോലീസുകാരായ സുമേഷ് മഹേഷ്, സുഭാഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. നിയമവിരുദ്ധ മത്സ്യബന്ധന രീതികൾക്കെതിരെയുള്ള നടപടികൾ തുടർന്നു വരികയാണെന്നും, നിയമം നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ച ഉണ്ടാവുകയില്ലെന്നും കാസർകോട്ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. എ ലബീബ് അറിയിച്ചു.