കരിവെള്ളൂർ : എഴുത്തനുഭവങ്ങൾ തേടി വായനക്കാർ ഗ്രന്ഥകാരൻ്റെ വീട്ടിലെത്തി . ഓർമ്മകളുടെ മടിശ്ശീല കിലുക്കത്തിന് വേദിയായത് നോവലിസ്റ്റും അധ്യാപക അവാർഡ് ജേതാവുമായ കൂക്കാനം റഹ്മാൻ മാഷിൻ്റെ വീട്ടുമുറ്റം.
പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച വായനായനം പരിപാടിയാണ് സംഘാടനത്തിലെ വ്യത്യസ്ത കൊണ്ട് നവ്യാനുഭവമായത്. കൊടക്കാട് ഗ്രാമത്തിലെ ഓലാട്ട് എ.യു.പി.സ്കൂൾ വിദ്യാർഥിയായിരിക്കെ ക്ലാസ് മുറിക്കകത്തും പുറത്തുമായി തനിക്കുണ്ടായ അനുഭവങ്ങളാണ് ഓർമ്മകൾ കാത്തുവെച്ച ഉടുപ്പുപെട്ടി എന്ന പുസ്തകത്തിലെ പ്രധാന പ്രമേയം. കോളേജ് വിദ്യാഭ്യാസത്തിനും അധ്യാപന വൃത്തിയ്ക്കും പുറമെ അമ്പതു വർഷത്തെ അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഗ്രന്ഥകാരൻ നൂറു പേജുള്ള പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമ പ്രവർത്തകനും കഥാകൃത്തും സീനിയർ ജർണലിസ്റ്റ് ഫോറം കാസർകോട് ജില്ലാ പ്രസിഡൻ്റുമായ വി.വി. പ്രഭാകരൻ പുസ്തകം പരിചയപ്പെടുത്തി. ജീവിക്കുന്ന കാലത്തെയും സമൂഹത്തെയും ദീപ്തമാക്കുന്ന മധുരകരമായ ഓർമ്മകളെല്ലാം കൈമോശം വരുന്ന പൊഞ്ഞാറിൻ്റെ കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ശശിധരൻ ആലപ്പടമ്പൻ അധ്യക്ഷനായി. കൂക്കാനം റഹ്മാൻ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.വി. കരുണാകരൻ മാസ്റ്റർ,ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ, ടി. മാധവൻ, രാജൻ കയനി, പ്രസന്ന.എ എന്നിവർ സംസാരിച്ചു.