നീലേശ്വരം: കിനാനൂർ – കരിന്തളം പഞ്ചായത്തിലെ ചോയ്യംകോട് കക്കോലിൽ പുലിയെ കണ്ടതായ അഭ്യൂഹം ജനങ്ങളെ ഭീതിയിലാക്കി. കക്കോൽ പള്ളത്തിന്റെ പരിസരത്താണ് വ്യാഴാഴ്ച്ച രാവിലെ പ്രദേശവാസികളായ ചിലർ പുലിക്ക് സമാനമായ ജീവിയെ കണ്ടത്. ഇവർ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്.ദൃശ്യത്തിലുള്ളത് ഏതാണ്ട് പുലിയാണെന്ന് വനം വകുപ്പ് അധികൃതരും സംശയം പ്രകടിപ്പിച്ചു. ആളുകളുടെ ബഹളം കേട്ടപ്പോൾ ജീവി കാട്ടിലേക്ക് ഓടി പോവുകയായിരുന്നു. പുലിയെ കണ്ടതായുള്ള വാർത്ത പരന്നതോടുകൂടി നാട്ടുകാരും സമീപ വാസികളും ആശങ്കയിലായി പരിസരവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ എൻ ലക്ഷ്മണന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് അധികൃതർ സ്ഥലത്ത് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ പാറ പ്രദേശമായതിനാൽ പുലിയുടെ കാൽപാടുകളോ മറ്റ് അടയാളങ്ങളോ ലഭിക്കില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം പുലിയെ കണ്ടതായി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ പെട്രോളിങ്ങ് ശക്തിപ്പെടുത്താനും പുലിയെ കണ്ടതായി പറയുന്ന സ്ഥലങ്ങളിൽ ക്യാമറയും കൂടും സ്ഥാപിക്കാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്കൊപ്പം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജിത്ത് കുമാർ, യദു കൃഷ്ണൻ,എം.ഹരി,വാച്ചർമാരായ മിഥുൻ, മഹേഷ് എന്നിവരും പരിശോധനസംഘത്തിലുണ്ടായിരുന്നു.