കണ്ണൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും ഉദുമ എംഎൽഎയുമായ കെ പി കുഞ്ഞി കണ്ണൻ അന്തരിച്ചു. ഇന്ന് പുലർച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏഴാം തീയതിയാണ് ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ കുഞ്ഞിക്കണ്ണന് ഗുരുതരമായി പരിക്കേറ്റത് . കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ എതിർവശത്തുനിന്നെത്തിയ ലോറിയിൽ ഇടിക്കുന്നത് ഒഴിവാക്കുന്നതിനായി ഇടതുവശത്തേക്ക് വെട്ടിച്ചപ്പോൾ കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് ഐഷാന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞിക്കണ്ണനെ പിന്നീട് നില ഗുരുതരമായ നാലാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വാരിയെല്ലിനാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്.ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. ദീർഘകാലം കെപിസിസി ജനറൽ സെക്രട്ടറി ആയിരുന്നു . കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1987 ലാണ് കുഞ്ഞിക്കണ്ണന്‍ നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
കാസർഗോഡ് ജില്ലാ രൂപീകരിച്ചപ്പോൾ ആദ്യത്തെ ഡിസിസി പ്രസിഡണ്ട് ആയിരുന്ന കുഞ്ഞിക്കണ്ണൻ വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു. ഏറെ ജനകീയനായ കോണ്‍ഗ്രസ് നേതാവായിരുന്നു. കേരഫെഡ് ചെയര്‍മാനായും കാൻ ഫെഡിന്റെ ജനറൽ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.