നിലേശ്വരം: തേജസ്വിനിയുടെ ഓളങ്ങളെ പുളകം കൊള്ളിച്ചു കൊണ്ടുള്ള മഹാത്മ ഗാന്ധി ട്രോഫി വള്ളംകളി കേരള പിറവി ദിനമായ നവംബർ ഒന്നിന് നടത്തും. ഇതിനായി ടൂറിസം വകുപ്പ് 5 ലക്ഷം രൂപ അനുവദിച്ചു. തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ ടൂറിസം വകുപ്പ് മന്ത്രി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വള്ളംകളി നടത്താൻ ധാരണയായത്. സാധാരണ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാണ് തേജസ്വിനി പുഴയിൽ മഹാത്മ ഗാന്ധി ട്രോഫിക്ക് വേണ്ടിയുള്ള വള്ളംകളി മത്സരങ്ങൾ അരങ്ങേറാറുള്ളത് . എന്നാൽ ഇതുവരെയും ഇതിന്റെ പ്രാരംഭ നടപടികൾ ഒന്നും ആരംഭിക്കത്തതിനാൽ വള്ളംകളി നടക്കുമോയെന്ന ആശങ്കയിൽ ആയിരുന്നു വള്ളംകളി പ്രേമികൾ ഉണ്ടായിരുന്നത് . കഴിഞ്ഞതവണ തന്നെ വളളം കളി മത്സരങ്ങളിൽ നിന്ന് ജില്ലാ ഭരണകൂടം അല്പം പിന്മാറിയിരുന്നുവെങ്കിലും കായികപ്രേമികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഒടുവിൽ വള്ളംകളി നടത്താൻ തയ്യാറായത്. അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും പ്രകടമായത്. എന്നാൽ എം രാജഗോപാൽ എംഎൽ യുടെ ഇടപെടലാണ് ഇത്തവണയും വള്ളംകളി നടത്തുവാൻ കാരണമായത് . ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നീലേശ്വരം നഗരസഭയും ചെറുവത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് മഹാത്മാഗാന്ധി വള്ളംകളിയുടെ നടത്തിപ്പിന് നേതൃത്വം നൽകാറുള്ളത്. ഇതിന്റെ നടത്തിപ്പിനുള്ള ചുക്കാൻ പിടിച്ചിരുന്നത് ജില്ലാ ഭരണകൂടവുമാണ്.25 ആളുകൾ തുഴയുന്ന ഇനത്തിലും 15 ആളുകൾ തുഴയുന്ന ഇനത്തിലുമായി 16 ഓളം ടീമുകളാണ് മത്സരിക്കാൻ എത്താറുള്ളത്.വള്ളംകളി മത്സരം വീക്ഷിക്കാൻ തേജസ്വിനിയുടെ ഇരുകരകളിലും ആവേശത്തിമിർപ്പോടെ ആയിരക്കണക്കിന് ആളുകളാണ് തടിച്ചു കൂടാറുള്ളത്.