ബേക്കൽ : പള്ളിക്കര പഞ്ചായത്തിലെ രണ്ടാം വാർഡ് ഉപതിരഞ്ഞെടുപ്പിന് നാഷണൽ ലീഗ് തയ്യാറെടുക്കുന്നു. കാറഡുക്ക ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ പള്ളിക്കര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ മുസ്ലിം ലീഗിലെ ബഷീർ കുന്നിൽ അയോഗ്യനാക്കപ്പെട്ടതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡിൽ നാഷണൽ ലീഗ് മത്സര രംഗത്തേക്ക് വരുന്നതോടെ ഇവിടെ ശക്തമായ പോരാട്ടം നടക്കും.
നിലവിൽ എൽഡിഎഫിനൊപ്പമുള്ള പ്രൊഫസർ വഹാബ് വിഭാഗം നാഷണൽ ലീഗിന് നല്ല സ്വാധീനമുള്ള ജില്ലയിലെ ശക്തി കേന്ദ്രങ്ങളിലൊന്നായ ഖിളരിയ്യ നഗർ ഉൾപ്പെടുന്ന വാർഡാണിത്. അത് കൊണ്ട് തന്നെ തങ്ങൾക്ക് മത്സരിക്കാൻ അവസരം നൽകണമെന്ന് നേതൃത്വം എൽഡിഎഫിനോട് ആവശ്യപ്പെടും.
അല്ലാത്ത പക്ഷം മത്സര ഗോഥയിലിറങ്ങി ശക്തി കാണിച്ചു കൊടുക്കാനാണ് പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനം. എങ്കിൽ നിലവിലെ ലീഗ് മെമ്പർ ബഷീർ കുന്നിൽ തൊണ്ണൂറ് വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ജയിച്ച വാർഡിൽ ഐ എൻ എല്ലും, പ്രൊഫസർ വഹാബ് നേതൃത്വം നൽകുന്ന നാഷണൽ ലീഗും തുല്യ ശക്തികളാണെന്നിരിക്കെ പോരാട്ടം ശക്തമാകാനാണ് സാധ്യത.
നല്ലൊരു ശതമാനം ഉറച്ച വോട്ടുകൾ തങ്ങൾക്കുണ്ടെന്നാണ് നാഷണൽ ലീഗ് അവകാശപ്പെടുന്നത്. കൂടാതെ നിക്ഷ്പക്ഷമതികളായ വോട്ടർമാരുടെ പിന്തുണയും അനുകൂല ഘടകമാവുമെന്ന് കണക്കുകൂട്ടുന്നു.
പാർട്ടി രണ്ടായതോടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ
പാർട്ടി സ്ഥാനാർത്ഥിയെത്തന്നെ മത്സര രംഗത്തിറക്കാനാണ് തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന ശാഖാ കമ്മിറ്റി തീരുമാനം.
ഐ എൻ എല്ലിലെ ഒരു വിഭാഗത്തിൻ്റെ പിന്തുണയും തങ്ങൾക്ക് ലഭിക്കുമെന്നും മുസ്ലിം ലീഗിലെ അഭ്യന്തര പ്രശ്നങ്ങളും തങ്ങൾക്ക് ഗുണകരമാവുമെന്നും ഇവർ കണക്ക് കൂട്ടുന്നു.