കാഞ്ഞങ്ങാട് : യൂട്യൂബിൽ നാല് ലക്ഷത്തോളം പ്രേക്ഷകർ കണ്ട പതിനഞ്ചോളം അവാർഡുകളും നേടിയ ‘വധു വരിക്കപ്ലാവ്’ എന്ന ഷോർട്ട് ഫിലിമിന് ശേഷം പരീക്ഷണ ചിത്രവുമായി ചന്ദ്രു വെള്ളരിക്കുണ്ട്.
ആക്ഷേപഹാസ്യത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിച്ച മുൻ ചിത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ചിന്തയിലും കാഴ്ച്ചപ്പാടിലുമാണ് പാദം എവിടെ എന്ന് അർത്ഥം വരുന്ന ‘ഫൂട് വേർ’ എന്ന 90 സെക്കൻ്റ് ദൈർഘ്യമുള്ള മൈക്രോ സിനിമ ഒരുക്കിയിട്ടുള്ളത്.
അഭിനേതാക്കളോ സംഭാഷണമോ ഇല്ലാതെ ഒന്നര മിനിറ്റ് ദൈർഘ്യത്തിൽ തികച്ചും പരീക്ഷണ ചിത്രമായി ഒരുക്കിയിട്ടുള്ള ഈ മൈക്രോ സിനിമ പൂനെയിൽ വച്ച് നടക്കുന്ന മുംബ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
’90 സെക്കൻ്റ് ഫിലിംസ്’ മത്സര വിഭാഗത്തിലേക്കാണ് ‘ഫൂട് വേർ’ എന്ന ചിത്രത്തിന് നോമിനേഷൻ ലഭിച്ചത്.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്തുള്ള നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ വച്ച് സെപ്റ്റംബർ 25 മുതൽ 28 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.
രാജ്യത്തിനകത്തും പുറത്തു നിന്നുമായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 25 മൈക്രോ സിനിമകളിൽ കേരളത്തിൽ നിന്നും ഫൈനൽ ലിസ്റ്റിൽ ഉൾപ്പെട്ട ഏക ചിത്രവും കൂടിയാണ് ‘ഫൂട് വേർ’ 5 ദിവസങ്ങളിലായി വിവിധ വിഭാഗങ്ങളിൽ മത്സരം നടക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിൻ്റെ അവസാന ദിവസമായ സെപ്റ്റംബർ 28നാണ് ഫലപ്രഖ്യാപനവും അവാർഡ് ദാനവും നടക്കുക.
ഇന്ത്യയിലേയും വിദേശത്തേയും പ്രഗത്ഭരായ ചലച്ചിത്ര പ്രവർത്തകർ സംബന്ധിക്കുന്ന മുംബ ഫിലിം ഫെസ്റ്റിവലിൽ നിന്നും മത്സരാർത്ഥികൾക്കുള്ള ഔദ്യോഗിക ക്ഷണപത്രം ലഭിച്ചതിനാൽ മേളയിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ചന്ദ്രു.
മൈക്രോ ഹ്രസ്വസിനിമയുടെ ആശയം സംവിധാനം എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ചത് ചന്ദ്രു വെള്ളരിക്കുണ്ട്. ക്യാമറ വൈശാഖ് , പശ്ചാത്തല സംഗീതം ഡി ബ്ലാൻഡോ, ആർട്ട് കൃഷ്ണൻ കോളിച്ചാൽ, ആർട്ട് അസിസ്റ്റൻ്റ് പ്രദീപ് ഒടയഞ്ചാൽ , സ്റ്റിൽസ് ജിഷ്ണു ഒടയഞ്ചാൽ, അസിസ്റ്റൻ്റ്സ് നബിൻ ഒടയഞ്ചാൽ, ജയേഷ് കൊടക്കൽ, പ്രൊഡക്ഷൻ സഹായികൾ അജിത് ഒടയഞ്ചാൽ, ശിവ ഒടയഞ്ചാൽ. ക്രിയേറ്റീവ് ഹെഡ് സി.പി ശുഭ തുടങ്ങിയവരാണ് ഫൂട്ട് വേറിൻ്റെ മറ്റ് അണിയറ പ്രവർത്തകർ. ഒടയഞ്ചാൽ പാക്കത്തെ ഗിരീഷിൻ്റെ വീട്ടു പരിസരത്ത് വച്ച് 4 മണിക്കൂർ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയത്.