നീലേശ്വരം: നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം മടിക്കൈ പഞ്ചായത്തിലെ പുളിക്കാൽ പാലം യാഥാർഥ്യമാകുന്നു. കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായ പഴയപാലം പൊളിച്ചാണ് 3 കോടി 29 ലക്ഷം രൂപ ചിലവിൽ പുതിയ പാലംയാഥാർഥ്യമാക്കുന്നത്. ഇതോടെ പുളിക്കാലിൽ പുതിയ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ നീണ്ടകാലത്തെ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. കാഞ്ഞങ്ങാട് – നീലേശ്വരം
ദേശീയപാതയിൽ നിന്നും ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാവുന്ന പടന്നക്കാട്-വെള്ളരിക്കുണ്ട് റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് പാലം പുതുക്കിപണിതത്.
നിലവിലുള്ള റോഡ് വീതികൂട്ടി, കയറ്റവും ഇറക്കവും വളവും കുറച്ചു കൊണ്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ദേശീയപാതയിൽ നിന്നു തുടങ്ങി മടിക്കൈ, കോടോം-ബേളൂർ, കിനാനൂർ-കരിന്തളം പഞ്ചായത്തുകളിലൂടെ റോഡ് കടന്നുപോകും. പടന്നക്കാട് നിന്നു തുടങ്ങി നമ്പ്യാർക്കാൽ, ഉപ്പിലിക്കൈ ചതുരക്കിണർ വഴി കൂലോം റോഡിലേക്കും അവിടെ നിന്ന് മൂന്നുറോഡ്, മയ്യങ്ങാനം പാലം വഴി കാലിച്ചാനടുക്കം ടൗണിലുമെത്തും. തുടർന്ന് ആനപ്പെട്ടി, ബാനം, പന്നിത്തടം വഴി വെള്ളരിക്കുണ്ടിൽ എത്തുന്ന വിധത്തിൽ 32 കിലോമീറ്റർ പാതയാണ് നവീകരണത്തിൽ ഉൾപ്പെടുത്തിയത്.
2018ലെ ബഡ്ജറ്റിലാണ് 60 കോടി അനുവദിച്ച പടന്നക്കാട്-വെള്ളരിക്കുണ്ട് റോഡ് വികസനപദ്ധതിയിൽ ഉൾപ്പെട്ടതാണ് പുളക്കാൽ പാലം പുതുക്കിപണിയൽ. സ്ഥലമെടുപ്പിലെ തർക്കങ്ങൾ കാരണം പദ്ധതി നീണ്ടുപോകുകയായിരുന്നു. പുതിയ എസ്റ്റിമേറ്റിൽ 79 കോടി രൂപയാണ് വകയിരുത്തിയത്. പാലം യാഥാർത്ഥ്യമാകുന്നതോടെ മലയോര മേഖലയിലേക്കുള്ള യാത്രയുടെ ദൂരം കുറഞ്ഞു കിട്ടും. നീലേശ്വരം എരിക്കുളം കാഞ്ഞിരപ്പൊയിൽ ഭാഗത്തേക്കുള്ള പ്രധാന റോഡിലാണ് പാലം. പുളിക്കാലിനൊപ്പം ആനപ്പെട്ടി, ബാനം എന്നിവിടങ്ങളിലെ പാലവും ഈ പദ്ധതിയിൽ ഉൾപ്പെട്ടതാണ്.