നീലേശ്വരം: നീലേശ്വരത്ത് റോഡിലെ പാതാളക്കുഴിയിൽ സ്കൂട്ടർ മറിഞ്ഞ് ഡെ.തഹസിൽദാർക്ക് ഗുരുതരമായി പരിക്കേറ്റു.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ ഡെ. തഹസിൽദാർ പി വി തുളസിരാജിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി തളിയിൽ ക്ഷേത്രം റോഡിലൂടെ വീട്ടിലേക്ക് പോകുമ്പോൾ എസ്ബിഐ ബാങ്കിന് മുന്നിലെ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. ഉടൻ എൻ.കെ.ബി.എം. ആശുപത്രിയിൽ എത്തിച്ച തുളസിരാജിന്റെ താടിയെല്ലിനും ദേഹമാസകലവും സാരമായി പരിക്കേറ്റതിനെ തുടർന്ന് കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിലേക്ക് മാറ്റി. നീലേശ്വരം പുതിയ ബസ്റ്റാന്റ് നിർമ്മാണത്തെ തുടർന്ന് നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത പരിഷ്ക്കാരത്തിന്റെ ഭാഗമായി തളിയിൽ ക്ഷേത്രം റോഡ് വൺ വേ യാക്കിയിരുന്നു. ഇതോടെ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകാൻ തുടങ്ങിയതോടെ ഈ റോഡ് മുഴുവൻ പൊട്ടിപൊളിയുകയും പലയിടങ്ങളിലും കുഴികൾ രൂപപ്പെടുകയും ചെയ്തു. ഇതിനകം തന്നെ കുഴിയിൽ വീണ് ഏഴോളം പേർക്ക് പരിക്കേറ്റതോടെ റോഡ് നന്നാക്കണമെന്നും ഗതാഗതത്തിന് പകരം സംവിധാനം ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ മുഖവിലക്കെടുത്തില്ല. അതിന്റെ ദുരന്തഫലമാണ് ഡെ. തഹസിൽദാർക്കുണ്ടായ അപകടം. അടിയന്തിരമായും ഇക്കാര്യത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ വൻ ദുരന്തത്തിന് തന്നെ സാക്ഷിയാകേണ്ടിവരുമെന്നാണ് നാട്ടുകാരുടെ ആശങ്ക.