കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ വിരുന്നെത്തിയ അപൂർവ്വ ഇനത്തിൽപ്പെട്ട നിശാശലഭത്തിൽപ്പെട്ട നാഗശലഭങ്ങൾ വിദ്യാർത്ഥികൾക്ക് കൗതുക കാഴ്ചയായി. ലോകത്തിൽ തന്നെ വലിയ ശലഭങ്ങളിൽ ഒന്നായ അറ്റ്ലസ് മോത്ത് ഇനത്തിൽപ്പെട്ട നാഗ ശലഭങ്ങളാണ് സ്കൂളിൽ വിരുന്നെത്തിയത്. സാധാരണ നിബിഡ വനങ്ങളിൽ മാത്രമേ ഇവയെ കാണാറുള്ളു. ചുവപ്പ് കലർന്ന തവിട്ടു നിറമുള്ള ഇവയുടെ മുൻ ചിറകുകളിൽ പാമ്പിന്റെ കണ്ണുകളെ പോലെ കറുത്തപ്പെട്ടുകളുണ്ട്. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഇതുപകരിക്കുന്നു. മുൻ പിൻ ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളുണ്ട്. ചിറകുകൾക്ക് പിന്നിൽ പാമ്പിൻ്റെ തലയുടെ രൂപമുള്ളതിനാൽ സ്നേക്സ് ഹെഡ് അഥവ നാഗശലഭം എന്നും ഇതിനെ വിളിക്കുന്നു. ഇവയ്ക്ക് രണ്ടാഴ്ച മാത്രമേ ആയുസ്സുള്ളു. സാധാരണഗതിയിൽ വിടർത്തിയ ചിറകുകൾക്ക് 10 മുതൽ 12 ഇഞ്ച് വരെ വലുപ്പമുണ്ടാകും. സ്ക്കൂളിൽ കണ്ടെത്തിയ ശലഭത്തിനും ഇതെ വലുപ്പമുള്ളവയാണ്. എന്തായാലും ഈ അപൂർവ്വ കാഴ്ച ഏറെ കൗതുകത്തോടെ ആണ് കുട്ടികൾ വീക്ഷിച്ചത്. നാഗശലഭത്തെ കുറിച്ച് ആധ്യാപകർ കുട്ടികൾക്ക് വിശദീകരിച്ച് കൊടുത്തു.അപൂർവ്വ കാഴ്ച കാണാൻ നിരവധിയാളുകളാണ് സ്ക്കൂളിൽ എത്തിയത്.