കാഞ്ഞങ്ങാട്: വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച് കാട്ടുപന്നി ഇറച്ചിയുമായി യുവാവിനെ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ രാഹുലും സംഘവും അറസ്റ്റ് ചെയ്തു. ഇറച്ചി വില്പന നടത്തിയ മൂന്നോളം പേരെ പിടികിട്ടാനുണ്ട്. അമ്പലത്തറ പറക്കളയിയിലെ രത്നാകാരന്റെ മകൻ രമ്മീഷി(36)നെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട് റയ്ഡ് ചെയ്തപ്പോഴാണ് ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ ഒരു കിലോ തൂക്കം വരുന്ന പന്നിയിറച്ചി കണ്ടെത്തിയത്. രമ്മീഷിന് ഇറച്ചി വിൽപ്പന നടത്തിയ ചട്ടംചാൽ സ്വദേശിയായ ഗിജേഷ് ഉൾപ്പെടെ മൂന്നുപേരെയാണ് പിടികിട്ടാനുള്ളത്. ഇവർക്കായി അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ രമ്മീഷിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഗിജേഷിന്റെ നേതൃത്വത്തിൽ പന്നി ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളെ വേട്ടയാടി ഇറച്ചിയാക്കി വിൽക്കുന്ന വൻ സംഘം തന്നെ പ്രവർത്തിച്ചു വരുന്നുണ്ടത്രേ. കാട്ടിൽനിന്നും വെടിവെച്ചു പിടികൂടുന്ന ഇറച്ചി കൂറ്റൻ ഫ്രീസറിൽ സൂക്ഷിച്ചാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി വിൽപ്പന നടത്തുന്നത്. ഒരു മാസം മുമ്പ് ചെറുവത്തൂരിലെ കോഴി പീടികയിൽ നിന്നും പിടികൂടിയ പന്നിയിറച്ചിയും ഇതേ സംഘം തന്നെയാണ് വില്പന നടത്തിയതെന്ന് അറിയുന്നു.