പുല്ലൂർ: മനസിലുള്ള ഒരൊറ്റ പച്ചയല്ല പ്രകൃതിയിലെ മരപ്പച്ചയെന്ന് അവർ നേരിട്ട് മനസിലാക്കി ചിത്രങ്ങൾ വരച്ചു. ഇളം പച്ചയും കടുംപച്ചയും മഞ്ഞയും നീലയും വർണ്ണങ്ങൾ പലതും ഇടകലർന്ന് പച്ചയുടെ വൈവിധ്യങ്ങളെ തൊട്ടറിഞ്ഞ് പ്രകൃതിയെ വരക്കാനറിങ്ങയപ്പോൾ കുട്ടികൾക്ക് അതൊരു നവ്യാനുഭവമായി. പുല്ലൂർ സ്കൂൾ പരിസരത്തെ പാറപ്പുറത്ത് തഴച്ചു വളർന്നു നിൽക്കുന്ന മരങ്ങളും ഇലപ്പടർപ്പും പുല്ലും പൂക്കളും കല്ലും മതിലും കുട്ടികളുടെ കാൻവാസിൽ ചിത്രങ്ങളായി വിരിഞ്ഞു. ഓരോ കുട്ടിയും തൻ്റെ മുന്നിലെ യഥാർത്ഥ വസ്തുവിനെ നോക്കി വരച്ചപ്പോൾ ഒരോ വസ്തുവിൻ്റെയും വൈവിധ്യം കുട്ടികൾ തിരിച്ചറിഞ്ഞു. പുല്ലൂർ ദർപ്പണം കലാകേന്ദ്രം പുല്ലൂർ ഗവ. യു.പി. സ്കൂൾ പരിസരത്ത് സംഘടിപ്പിച്ച പ്രകൃതിവരയിലാണ് പ്രകൃതിയിലെ വൈവിധ്യങ്ങൾ കുട്ടികൾ ചിത്രത്തിലാക്കിയത്. നിരീക്ഷണ പാഠവം, ആത്മവിശ്വാസം വളർത്തൽ, സ്വതസിദ്ധമായ വരയുടെ വളർച്ച എന്നിവ പ്രകൃതി ചിത്രരചനയിൽ കൂടി നേടാനാകുമെന്ന് ക്യാമ്പിന് നേതൃത്വം നൽകിയ ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ പറഞ്ഞു. ചിത്രകാരി മാധവിയമ്മ അമ്പലത്തറ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാരായ അനീഷ് ബന്തടുക്ക, രാം ഗോകുൽ പെരിയ എന്നിവർ ക്ലാസ്സുകൾ നിയന്ത്രിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ പി. ജനാർദ്ദനൻ, ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ, പ്രസാദ് അമ്പലത്തറ, ശശിധരൻ കണ്ണങ്കോട്ട്, കെ. ബാബു എന്നിവർ സംസാരിച്ചു.