മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ പുറത്തുവിട്ടിട്ടില്ല.
മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല. വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ ഇതുവഴി പുറത്തുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മലയാള സിനിമാ മേഖലയില്‍ കറുത്ത മേഘങ്ങളെന്ന പരാമര്‍ശങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്. ഇന്ന് പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ ആദ്യ പേജ് ആരംഭിക്കുന്നത് ഈ വാചകങ്ങളോടെയാണ്. ദുരൂഹതകള്‍ നിറഞ്ഞതാണ് സിനിമാ മേഖല. പുറമേ കാണുന്നത് പോലെ സുന്ദരമല്ല ഈ നക്ഷത്രങ്ങളും താരകങ്ങളുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
ചലച്ചിത്ര മേഖലയെ നിയന്ത്രിക്കുന്നത് ഒരു കൂട്ടം ക്രിമിനലുകളാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ മലയാള സിനിമയില്‍ കാസ്റ്റിക് കൗച്ച് ഉള്‍പ്പെടെ നടക്കുന്നുണ്ടെന്നും പറയുന്നു. സിനിമ മേഖലയിലെ വനികള്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നു. വ്യാപകമായ ലൈംഗിക ചൂഷണം സിനിമ രംഗത്ത് നിലനില്‍ക്കുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും സമ്മര്‍ദം ചെലുത്താറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിനു കൈമാറിയത്.