ദളിത് വിരുദ്ധ പരാമർശം നടത്തി എന്നാരോപിച്ച് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരായ കേസ് ഹൈക്കോടതി ഒത്തുതീർപ്പാക്കി. 2018 ൽ കോഴിക്കോട് നടന്ന സാഹിത്യോത്സവത്തിൽ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന പുസ്തകത്തെ കുറിച്ച് എഴുത്തുകാരൻ ഉണ്ണി ആറുമായി നടത്തിയ സംഭാഷണത്തിനിടയിൽ സന്തോഷ് ഏച്ചിക്കാനം പന്തിഭോജനം എന്ന കഥയെ കുറിച്ചുള്ള ചർച്ചയിൽ ദളിത് വിരുദ്ധ പരാമർശം നടത്തി എന്ന് ആരോപിച്ച് ബാലകൃഷ്ണൻ ഏച്ചിക്കാനം നൽകിയ പരാതിയിലാണ് സന്തോഷിനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തത്. ഈ കേസ് ഹൈക്കോടതിയിൽ നടക്കുന്നതിനിടയിൽ പ്രശ്നം ഒത്തുതീർപ്പാക്കിയതായി സന്തോഷ് ഹൈക്കോടതിയെ അറിയിച്ചു. സന്തോഷിന്റെ വാദം പരാതിക്കാരനും അംഗീകരിച്ചതോടെയാണ് കോടതി കേസ് ഒത്തുതീർപ്പാക്കിയതായി പ്രഖ്യാപിച്ചത്. പന്തിഭോജനം കഥയിൽ പറയുന്നതുപോലെ ചില ദളിതർ വലിയ നിലയിൽ എത്തിയാൽ സവർണ്ണ മേധാവിത്വം കാണിക്കുന്നു എന്നായിരുന്നു സന്തോഷ് നടത്തിയ പരാമർശം. സന്തോഷിന്റെ വാക്കുകൾ തന്റെ സമുദായമായ മാവിൻ സമുദായത്തെ അധിക്ഷേപിക്കുന്നതായിരുന്നു എന്നാണ് ബാലകൃഷ്ണൻ പരാതിയിൽ പറഞ്ഞിരുന്നത്.