നീലേശ്വരം : നഗരസഭാ ബസ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം ജൂലൈ 21 മുതൽ കർശനമായി നടപ്പാക്കും.
കാഞ്ഞങ്ങാട് , പയ്യന്നൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസ്സുകൾ മെയിൻ ബസാർ ജംഗ്ഷനിൽ നിന്നും തളിയിൽ അമ്പലം റോഡ് വഴി വൺവേയായി രാജാ റോഡിലെ പെട്രോൾ പമ്പിന് മുന്നിൽ നിർത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം രാജാ റോഡ് വഴി തന്നെ മാർക്കറ്റിലേക്ക് തിരിച്ചു പോകണം.
കിഴക്കൻ മേഖലയിൽ നിന്നു വരുന്ന ബസ്സുകൾക്ക് രാജാറോഡിലെ പെട്രോൾ പമ്പിന് മുന്നിൽ നിർത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം രാജാ റോഡിലൂടെ കാഞ്ഞങ്ങാട്, പയ്യന്നൂർ ഭാഗങ്ങളിലേക്ക് പോകാം.
കിഴക്കൻ മേഖലയിലേക്ക് പോകുന്ന ബസ്സുകൾ തളിയിൽ അമ്പലം റോഡ് വഴി വന്ന് നിർദിഷ്ട പുതിയ ബസ് സ്റ്റാൻഡിന് മുന്നിൽ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം പോകേണ്ടതാണ്.സർവീസിന് ശേഷം നീലേശ്വരത്ത് പാർക്ക് ചെയ്യുന്ന ബസ്സുകൾക്ക് കോൺവെൻറ് ജംഗ്ഷനിൽ പാർക്ക് ചെയ്യാവുന്നതാണ്.
മെയിൻ ബസാർ മുതൽ ബസ്റ്റാൻഡ് വരെ സ്വകാര്യ പാർക്കിംഗ് പൂർണമായും നിരോധിക്കാനും പട്ടേന ജംഗ്ഷൻ മുതൽ കോൺവെൻറ് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങൾ പകരം പ്രയോജനപ്പെടുത്താനും തീരുമാനിച്ചു.
ബസാർ ജംഗ്ഷനിൽ തളിയിൽ അമ്പലം ഭാഗത്തേക്ക് തിരിയുന്ന റോഡിലെ ഓട്ടോറിക്ഷ പാർക്കിംഗ് എതിർവശത്ത് തെരു റോഡരികിലേക്ക് മാറ്റേണ്ടതാണ്.
താത്കാലിക ബസ് സ്റ്റാൻഡിന് സമീപം റോഡരികിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ ഗതാഗതത്തിന് തടസ്സമില്ലാത്ത വിധം താൽക്കാലിക ബസ്റ്റാൻഡിന്റെ അതേ ഭാഗത്ത് അരിക് ചേർന്ന് അകത്തേക്ക് പാർക്ക് ചെയ്യേണ്ടതാണ്.
ഇതുമായി ബന്ധപ്പെട്ട് ഇന്ന് നഗരസഭ ചെയർപേഴ്സൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.പി രവീന്ദ്രൻ, വി. ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, കൗൺസിലർ ഇ. ഷജീർ , നഗരസഭാ സെക്രട്ടറി മനോജ് കുമാർ. കെ, പോലീസ് സബ് ഇൻസ്പെക്ടർ എം .വി വിഷ്ണുപ്രസാദ് , ഓട്ടോറിക്ഷ തൊഴിലാളി സംഘടന നേതാക്കളായ കെ. ഉണ്ണി നായർ, സി.വിദ്യാധരൻ എന്നിവർ പങ്കെടുത്തു.