തകരാറിലായ കെ.എസ് .ഇ.ബി മീറ്റർ മാറ്റി സ്ഥാപിക്കാനെത്തി മടങ്ങിയ ജീവനക്കാരനെ ജീപ്പ് കൊണ്ട് ബൈക്ക് ഇടിച്ചുതെറിപ്പിച്ചശേഷം ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ചിറ്റാരിക്കൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. വീട്ടുടമ ചിറ്റാരിക്കാൽ കാവും തലയിലെ ജോസഫിന്റെ മകൻ മാരി പുറത്ത് സന്തോഷിനെതിരെയാണ് പോലീസ് വധശ്രമത്തിന് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.
കെ എസ് ഇ ബി കരാർ ജീവനക്കാരനായ തയ്യേനി സ്വദേശിയായ കെ.അരുൺകുമാറിന് നേരെയാണ് ഇന്നലെ വധശ്രമം ഉണ്ടായത്. ജോസഫിന്റെ വീട്ടിലെ വൈദ്യുതി മീറ്റർ മാറ്റി സ്ഥാപിക്കാനാണ് അരുൺകുമാർ മറ്റൊരു തൊഴിലാളിയായ അനീഷിനൊപ്പം വീട്ടിൽ എത്തിയത് . മീറ്ററിന് തകരാർ ഇല്ലെന്നും അതുകൊണ്ടു മാറ്റി സ്ഥാപിക്കേണ്ടെന്നും വീട്ടുടമസ്ഥൻ തടസ്സവാദം ഉന്നയിച്ചു തുടർന്ന് അരുൺ നല്ലോമ്പുഴ ഓഫീസുമായി ബന്ധപെട്ടപ്പോൾ മീറ്റർ മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ടു . അതിന്റെ അടിസ്ഥാനത്തിൽ മീറ്റർ മാറ്റി സ്ഥാപിച്ചു മടങ്ങുമ്പോഴാണ് സന്തോഷ് ജീപ്പ്കൊണ്ട് അരുൺ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തുകയും ഇരുമ്പു വടി ഉപയോഗിച്ച തലക്കും മുഖത്തും ചെവിക്കും അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. സാരമായി പരിക്കേറ്റ അരുൺകുമാർ ഇപ്പോൾ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.