രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. വയനാട്ടില്‍നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
സഗൗരവമാണ് ഒ ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും ഗവര്‍ണറും ചടങ്ങില്‍ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ചടങ്ങില്‍ ഉടനീളം ഇരുവരും പരസ്പരം മുഖത്തുനോക്കാതെ നിന്ന് പിരിയുകയായിരുന്നു. എങ്കിലും സ്പീക്കര്‍ക്ക് ഹസ്തദാനം നല്‍കിയാണ് ഗവര്‍ണര്‍ മടങ്ങിയത്.
വയനാട്ടില്‍ നിന്നുള്ള സിപിഐഎമ്മിന്റെ ആദ്യ മന്ത്രിയാണ് ഒആര്‍ കേളു. പികെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തില്‍നിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധി കൂടിയാണ് കേളു.
അതിനിടെ കെ രാധാകൃഷ്ണനില്‍ നിന്നും കേളുവിലേക്ക് മന്ത്രി സ്ഥാനം മാറിയപ്പോള്‍ പട്ടികജാതി ക്ഷേമവകുപ്പ് മാത്രം കേളുവിന് നല്‍കിയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വിഎന്‍ വാസവനും പാര്‍ലമെന്ററി കാര്യം എംബി രാജേഷിനുമാണ് നല്‍കിയത്. ഒആര്‍ കേളുവിന് ദേവസ്വം നല്‍കാത്തത് തെറ്റായ തീരുമാനമെന്ന് പ്രതിപക്ഷം പ്രതികരിച്ചിരുന്നു.