തീവണ്ടിയിൽ മറന്നുപോയ യാത്രക്കാരിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് റെയിൽവേ ഉദ്യോഗസ്ഥരുടെ സംയോജിതമായ ഇടപെടൽ മൂലം തിരിച്ചു കിട്ടി.കാഞ്ഞങ്ങാട് നഗരസഭയിലെ ഉദ്യോഗസ്ഥയായ ജോഷ്നയുടെ പണവും രേഖകൾ മടങ്ങിയ പേഴ്സാണ് കഴിഞ്ഞദിവസം കുറ്റിപ്പുറത്തുനിന്നും നീലേശ്വരത്തേക്കുള്ള യാത്രാമധ്യേ എഗ്മോർ എക്സ്പ്രസ്സിലെ എസി കമ്പാർട്ട്മെന്റിൽ വച്ച് മറന്നുപോയത്. പേഴ്സ് തീവണ്ടിയിൽ വെച്ച് മറന്നു പോയ കാര്യം ഉടൻതന്നെ നീലേശ്വരം റെയിൽവേ സ്റ്റേഷൻ മുഖേന റെയിൽവേ കൊമേഷ്യൽ വിങ്ങിനെയും പാലക്കാട് ഡിവിഷൻ ഓഫീസിനെയും വിവരം അറിയിച്ചു. തുടർന്ന് കൊമേഷ്യൽ വിഭാഗം ടിടിഇ യുമായി ബന്ധപ്പെടുകയും എസി കമ്പാർട്ട്മെന്റിൽ വെച്ച് പേഴ്സ് കണ്ടെടുക്കുകയും ചെയ്തു. മംഗലാപുരത്തുനിന്നും തിരിച്ചുള്ള യാത്രയ്ക്കിടെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വച്ച് ടി ടി ഇ കണ്ണൻകുട്ടി പേഴ്സ് ജോഷ്നക്ക് കൈമാറി. ടി ടി ഇ കെ കണ്ണൻകുട്ടിയുടെയും നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ രാജീവന്റെയും തക്ക സമയത്തുള്ള ഇടപെടൽ മൂലമാണ് ജോഷനക്ക് നഷ്ടപ്പെട്ടുപോകുമായിരുന്ന പേഴ്സ് തിരിച്ചുകിട്ടാൻ ഇടയാക്കിയത്.