2024 ലോക് സഭാ തെരഞ്ഞെടുപ്പ് കാസര്‍കോട് മണ്ഡലം വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമാക്കുന്നതിന് എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണമെന്ന് വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ക്യു ആർ കോഡ് പതിച്ച തിരിച്ചറിയൽ രേഖ പൊലീസ് പരിശോധിച്ചാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. വാഹനങ്ങൾക്കും പാസ് ആവശ്യമാണ്.
ജൂൺ നാലിന് രാവിലെ ആറു മുതൽ ഏജൻ്റുമാരെ പ്രവേശിപ്പിക്കും ഏഴിനകം പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ഏജന്റ്മാരും 7.30നകം ഇ.വി.എം കൗണ്ടിങ് ഏജന്റ്മാരും അതാത് കൗണ്ടിങ് ഹാളുകളിലെത്തണം. കൃത്യം എട്ടിന് പോസ്റ്റല്‍ ബാലറ്റ് എണ്ണും. 8.30 ന് ഇ.വി.എം വോട്ടുകളും എണ്ണും. ഹെലി പാഡിന് സമീപത്താണ് വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും സ്ഥാനര്‍ത്ഥികള്‍, ചീഫ് ഏജന്റുമാര്‍, വരണാധികാരി, ഒബ്‌സര്‍വര്‍ എന്നിവരുടെ വാഹനങ്ങള്‍ വിവേകാന്ദ പ്രതിമയുടെ സമീപത്ത് പാര്‍ക്ക് ചെയ്യാമെന്നും കളക്ടര്‍ പറഞ്ഞു.
കൗണ്ടിങ് ഹാളില്‍ മൊബൈൽ ഫോൺ, കാൽക്കുലേറ്റർ, സ്മാർട്ട് വാച്ച് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും അനുവദിക്കില്ല. യമുന ബ്ലോക്കില്‍ മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കും. ഇലക്ഷൻ കമ്മീഷൻ അനുവദിച്ച അതോറിറ്റിലെറ്റർ ലഭിച്ച മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കും.
കൗണ്ടിങ് ഏജന്റുമാര്‍ ‘ വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിച്ചാല്‍ അവസാനിക്കുന്നത് വരെ പുറത്തിറങ്ങാന്‍ പാടില്ലെന്ന് കളക്ടര്‍ പറഞ്ഞു. കൗണ്ടിങ് ചുമതലയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കു ‘ ഭക്ഷണ വിതരണ സംവിധാനം ഒരുക്കും.
എല്ലാവരേയും സുരക്ഷാ പരിശോധന നടത്തിയ ശേഷമേ കൗണ്ടിങ് ഹാളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ജില്ലാ പൊലീസ് മേധാവി പി. ബിജോയി പറഞ്ഞു കൗണ്ടിങ് ഹാളുകളിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി രണ്ട് ഘട്ട പരിശോധനയും നടത്തും. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി പി. ബിജോയ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ പി. അഖില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ഡി.വൈ.എസ്.പിമാരായ ആര്‍. ഹരിപ്രസാദ്, എ.വി ജോണ്‍, താഹ്‌സില്‍ദാര്‍മാരായ അബൂബക്കര്‍ സിദ്ദിഖ്, എം. മായ, സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.എം.എ കരീം, അര്‍ജ്ജുനന്‍ തായലങ്ങാടി, അഡ്വ. ബി.എം ജമാല്‍ പട്ടേല്‍, കെ.എ മുഹമ്മദ് ഹനീഫ്, എം. കുഞ്ഞമ്പു നമ്പ്യാര്‍, രഞ്ജിത്ത്,അബ്ദുള്ളകുഞ്ഞി ചെര്‍ക്കള, മനോജ് കുമാര്‍, പി. രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.