വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റ് ജനറൽബോഡിയോഗം നാളെ ഉച്ചകഴിഞ്ഞ് നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരം നടക്കും എന്നാണ് സൂചന. നിലവിലെ പ്രസിഡന്റ് കോട്ടക്കൽ വിജയനെതിരെ പാലക്കുടിയിൽ ടെക്സ്റ്റൈൽസ് ഉടമ പാലക്കുടിയിൽ ജോയി മത്സരിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്ന വിജയനെ മാറ്റണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇതേ തുടർന്നാണ് ഇവർ പാലക്കുടിയിൽ ജോയിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്.പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും എന്ന് ഉറപ്പായതോടെ ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങൾ മെനയാൻ ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ശരീഫിന്റെ നേതൃത്വത്തിൽ ഇന്ന് രാത്രി ഔദ്യോഗിക പക്ഷം യോഗം ചേർന്നു. സെക്രട്ടറി പ്രസിഡന്റ് ട്രഷറർ ഉൾപ്പെടെ പത്തോളം പേരാണ് സ്വകാര്യ കെട്ടിടത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. ജനറൽബോഡി യോഗത്തിൽ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് മണത്തെറിഞ്ഞ് ഔദ്യോഗിക പക്ഷം നേരത്തെ വിനോദയാത്ര സംഘടിപ്പിച്ചിരുന്നു. എന്നാൽ ബഹുഭൂരിപക്ഷം മെമ്പർമാരും ബഹിഷ്കരിച്ചതിനെത്തുടർന്ന് ഈ യാത്ര വേണ്ടെന്നു വയ്ക്കുകയാണ് ചെയ്തത്. നിലവിലെ ഭാരവാഹികളുടെ ഏകാധിപത്യപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് തങ്ങൾ മത്സരത്തിന് ഒരുങ്ങുന്നതെന്നാണ് മറുപക്ഷം പറയുന്നത്. നേതൃത്വം മാറ്റം വേണമെന്നും എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്ന നേതൃത്വം വേണമെന്നാണ് ഒരു വിഭാഗം വ്യാപാരികളുടെ ആവശ്യം. 160 ഓളം മെമ്പർമാരാണ് പരപ്പ യൂണിറ്റ് ഉള്ളത് ഇതിൽ 150 താഴെ പേർ വോട്ട് ചെയ്യാൻ എത്തിയേക്കും. ഇരുപക്ഷവും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും നാളത്തെ വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റിന്റെ ജനറൽ ബോഡി യോഗം ഏറെ നിർണായകമാണ്.