മാവേലിക്കര: ചിങ്ങോലി നെടിയാത്ത് പുത്തൻവീട്ടിൽ ജയറാമിനെ (31) കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി-3 ജഡ്ജി എസ് എസ് സീന ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ചിങ്ങോലി തറവേലിക്കകത്ത് പടീറ്റതിൽ ഹരികൃഷ്ണൻ (ഹരീഷ്-36), ചിങ്ങോലി ഏഴാം വാർഡിൽ കലേഷ് ഭവനത്തിൽ കലേഷ് (33) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴ ജയറാമിന്റെ അമ്മയായ വിലാസിനിക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടുവർഷം വീതം അധിക തടവ് അനുഭവിക്കണം.
2020 ജൂലൈ 19 ന് രാത്രി 7.30 ന് ചിങ്ങോലി പഴയ വില്ലേജോഫീസിന് സമീപത്തെ ബേക്കറിക്ക് മുന്നിൽ വെച്ചാണ് കൊലപാതകം നടന്നത്. ഇവിടെ നിന്നിരുന്ന ജയറാമിനെ ഒന്നാംപ്രതി ഹരികൃഷ്ണൻ കയ്യിൽ കരുതിയിരുന്ന കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കയ്യിൽ കരുതിയ കത്തികൊണ്ട് ഇടതു തുടയിൽ ആഞ്ഞു കുത്തിയെന്നും രണ്ടാം പ്രതി കലേഷ് കൊലപ്പെടുത്താൻ സഹായിക്കും വിധം പ്രോത്സാഹനം നൽകിയെന്നുമാണ് കേസ്. ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന ജയറാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ സജികുമാർ ഹാജരായി. കരിയില കുളങ്ങര സിഐ ആയിരുന്ന എൽ എസ് അനിൽകുമാർ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ജയറാമിന്റെ അമ്മ വിലാസിനിയും സഹോദരൻ ജയമോനും വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു.