കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവർക്ക് വിപുലമായ സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി വെളിപ്പെടുത്തി. മട്ടന്നൂർ ഗവ. യു.പി. സ്കൂളിൽ നടന്ന ഹജ്ജ് ക്യാമ്പ് സംഘാടക സമിതി രൂപീകരണ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർമാൻ. ഇത്തവണ ഏറ്റവും കൂടുതൽ ഹാജിമാർ തീർത്ഥാടനത്തിന് പോകുന്ന കേരളത്തിൽ 17000 പേരിൽ പതിനായാരം സ്ത്രീകളാണെന്ന് ചെയർമാൻ പറഞ്ഞു. യാത്രാ നിരക്കിന്റെ കുറവും വിപുലമായ പരിചരണ സംവിധാനവുമുള്ള കണ്ണൂർ വഴി കൂടുതൽ പേർ യാത്ര ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. 350 പേർക്ക് യാത്ര ചെയ്യാവുന്ന സൗദി എയർലൈൻസ് സർവീസ് ആണ് കണ്ണൂരിൽ നിന്ന് ഏർപ്പെടുത്തുന്നത്. കണ്ണൂർ വിമാന താവളത്തിൻ്റെ തന്നെ യാത്രാ വികസന വഴിത്തിരിവാകും ഇത്.
കണ്ണൂർ എയർപോർട്ടിൽ നിന്നും മൊത്തം 3246 ഹാജിമാരാണ് ഇത് വരെ യാത്രാനുമതി തേടിയിട്ടുള്ളത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കണ്ണൂർ ജില്ലയിൽ നിന്നും 1969ഹാജിമാർ രണ്ടു കുട്ടികൾ ഉൾപ്പെടെ യാത്ര ചെയ്യും. കഴിഞ്ഞ വർഷം ഇത് 1200 ആയിരുന്നു. കണ്ണൂർ ജില്ലയിലെ 41 പേർ കോഴിക്കോട് വഴിയും രണ്ട് പേര് കൊച്ചി വഴിയുമാണ് പോകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും, മന്ത്രി അബ്റഹിമാൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലയിലെ എം.പിമാർ കണ്ണൂർ മേയർ, ജില്ലയിലെ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവർ രക്ഷാധികാരികളായും വിപുലമായ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. ഹജ്ജ് കമ്മിറ്റി അംഗം പി.ടി.എ റഹീം ചെയർമാനും മട്ടന്നൂർ നഗരസഭാ ചെയർമാൻ ഷാജിത് മാസ്റ്റർ വർക്കിങ് ചെയർമാനുമാണ്. സംഘാടക സമിതിമുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയും ജില്ലയിലെ എം.. പാനലിൽ ഉൾപ്പെടുത്താൻ കൺവൻഷനിൽ അഭിപ്രായം ഉയർന്നവരെ ചേർത്ത് കമ്മിറ്റി വിപുലീകരിക്കും.
കൺവൻഷനിൽ മട്ടന്നൂർ നഗരസഭ ചെയർമാൻ ഷാജിത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഹജ്ജ് ക്യാമ്പ് ചുമതലയുള്ള ഹജ്ജ് കമ്മിറ്റി മെമ്പർ പി.പി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, എം. വി. ജയരാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി,ഹജ് കമ്മിറ്റി മെമ്പർ കെ.പി. സുലൈമാൻ ഹാജി എന്നിവർ ആശംസ നേർന്നു. വിവിധ മത സംഘടനാ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ പൗരപ്രമുഖർ, മാധ്യമ പ്രവർത്തകർ എന്നിവർ കൺവൻഷനിൽ പങ്കെടുത്തു.