ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കലാശക്കൊട്ട് ആകാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ മട്ടന്നൂർ കോളാരിയിൽ ഒൻപത് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. അജ്ഞാത സന്ദേശത്തിന് പിന്നാലെ പാഞ്ഞെത്തിയ പൊലീസ്, സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. വിവരമറിഞ്ഞ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഇവ നിർവീര്യമാക്കി. പാനൂരിലെ ബോംബ് സ്‌ഫോടനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളമായി വ്യാപക പരിശോധനകൾ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് ബക്കറ്റുകളിൽ ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്.
പാടത്തായി പുല്ലരിയാൻ പോയ സ്ത്രീയാണ് ഇവ കണ്ടത്.തുടർന്ന് ഇവർ പ്രദേശവാസികളെ വിവരമറിയിക്കുകയും പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തുകയുമായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘപരിവാറിന്റെ നേതൃത്വത്തിൽ നടത്തുന്ന വായനാശാലയുടെ സമീപത്തായാണ് ബോംബുകൾ കണ്ടെടുത്തത്. അതിനാൽ തന്നെ ഇതിനുപിന്നിൽ ആർ എസ് എസ് ആണെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെടുന്നു.