പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിനെ ചൊല്ലിയുണ്ടായ വിവാദത്തിനൊടുവിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. 4 നേതാക്കളെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡന്‍റ് രാജന്‍ പെരിയ, മുന്‍ ഉദുമ മണ്ഡലം പ്രസിഡന്‍റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണന്‍ പെരിയ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
പ്രതിയുടെ സത്കാരത്തിൽ പങ്കെടുക്കുകയും സത്കാരത്തിന് സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്തതിന് ശേഷവും പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന് കെപിസിസി ചൂണ്ടിക്കാട്ടി. കെപിസിസി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍.സുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി പിഎം നിയാസ് എന്നിവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍റെ മകന്‍റെ വിവാഹ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതോടെയാണ് വിവാദമായത്. കല്യാണത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രാജ്മോഹൻ ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു.