കുവൈറ്റിലേക്ക് ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയെടുത്തു എന്ന യുവതിയുടെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. അജാനൂർ കിഴക്കുംകരയിലെ സോമന്റെ ഭാര്യ സി നിർമലയുടെ (45) പരാതിയിലാണ് കണ്ണപുരം ദാറുൽ ഇസ്ലാം സ്കൂളിന് സമീപത്തെ അബ്ദുല്ലത്തീഫ് ( 52 ) നെതിരെ പോലീസ് കേസ് എടുത്തത്. നിർമ്മലയുടെ ഭർത്താവ് സോമന് വിസ നൽകാമെന്നും പറഞ്ഞ് 2022 ഡിസംബർ 6 മുതൽ 2024 ഒക്ടോബർ 14 വരെയായി അബ്ദുല്ലത്തീഫ് നാലര ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. നിർമ്മല ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തെ തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്