കാസർകോട്: ജോലി വാഗ്ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ അധ്യാപികയും ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗവുമായ സച്ചിത റൈക്കെതിരെ വീണ്ടും കേസ്. എക്സൈസ് ഡ്രൈവറുടെ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു എന്ന നെട്ടണിക കിഡ്നി കാറിലെ ലീലാവതിയുടെ പരാതിയിലാണ് സച്ചിത റൈക്കെതിരെ ആദൂർ പോലീസ് കേസ് എടുത്തത് . മകൻ ചന്ദ്രശേഖര റായിക്ക് എക്സൈസ് ഡ്രൈവറുടെ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനകം ലക്ഷങ്ങൾ തട്ടിയ സച്ചിത റൈക്കെതിരെ നിരവധി കേസുകളാണ് കാസർക്കോട്ടെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. തോട്ടവിള ഗവേഷണ കേന്ദ്രത്തിലും കേന്ദ്ര സർവകലാശാലയിലും കേന്ദ്രീയ വിദ്യാലയത്തിലും കർണാടക എക്സൈസിലും ജോലി വാഗ്ദാനം ചെയ്‌തായിരുന്നു പ്രധാനമായും തട്ടിപ്പ് നടത്തിയത്. പണം കൈമാറി മാസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് കുമ്പള കിദൂർ സ്വദേശി നിഷ്‌മിത ഷെട്ടിയാണ് ആദ്യം പൊലീസിനെ സമീപിച്ചത്. പിന്നീട് നിരവധി പേർ തട്ടിപ്പിന് ഇരയായതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.