പുത്തൻവേലിക്കര കോഴിത്തുരുത്തിൽ പെരിയാറിൻ്റെ കൈവഴിയിൽ കുളിക്കാനിറങ്ങിയ 2 പേർ മരിച്ചു.ഞായർ രാവിലെ 9.30നാണ് സംഭവം. അവധിക്കാലം ആഘോഷിക്കാനായി ഒത്തുകൂടിയ സഹോദരങ്ങളുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്.
കൊടകര വെമ്പനാട്ട് വിനോദ് – ബിൽജ ദമ്പതികളുടെ മകൾ ജ്വാലലക്ഷ്മി (13), പുത്തൻവേലിക്കര കുറ്റിക്കാട്ട് പറമ്പിൽ രാഹുലൻ – റീജ ദമ്പതികളുടെ മകൾ മേഘ (23) എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്.ഇവർക്കൊപ്പം പുഴയിൽ ഇറങ്ങിയ മേഘയുടെ സഹോദരി നേഹ രക്ഷപ്പെട്ടു.നേഹ ആശുപത്രിയിൽ ചികിത്സയിലാണ്. ബിൽജയും, റീജയും സഹോദരിമാരാണ്.ഇവരുടെ സഹോദരൻ ബിജോഷും ഭാര്യയും മകളും ഇവർക്കൊപ്പം പുഴയിൽ എത്തിയിരുന്നു.എന്നാൽ ഇവർ പുഴയിലേക്കിറങ്ങിയില്ല. ആഴം കുറഞ്ഞ പ്രദേശത്തിറങ്ങിയ മൂവരും മുന്നോട്ട് നീങ്ങുന്നതിനിടെ പുഴയുടെ ആഴമേറിയ തിരിവിൽപ്പെട്ടാണ് മുങ്ങിപ്പോയത്.ഇവർ മുങ്ങിപ്പോകുന്നത് കണ്ട ഒരാളാണ് നേഹയെ രക്ഷപ്പെടുത്തിയത്.മറ്റ് രണ്ട് പേരെയും ഒരു മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.