വയനാട് വ്യാജവാർത്തയിൽ മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി. വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജ വാർത്തയിൽ വാർത്തയുടെ തലക്കെട്ടും ഓരോ വാചകവും ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടേണ്ട സമയമാണെന്നും പെട്ടെന്ന് കേൾക്കുമ്പോൾ ആരും സംശയിച്ചു പോകുന്ന തരത്തിലാണ് മാധ്യമങ്ങൾ കണക്കുകൾ നൽകിയത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘മുഖ്യധാര പത്രങ്ങളും ഒട്ടും മോശമാക്കിയില്ല. വായനക്കാരിൽ സംശയത്തിന്റെ പുകപടലം നിലനിർത്താനാണ് ശ്രമിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇത്തരത്തിലുള്ള വാർത്തകൾ ലോകമാകെ സഞ്ചരിക്കുകയാണ്. വയനാട് ദുരന്തത്തിൽ സർക്കാർ കള്ളക്കണക്ക് നൽകിയെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. കേരളത്തിനെതിരായ ദുഷ്പ്രചരണം എല്ലാ സീമകളും ലംഘിച്ച് കുതിച്ചുപാഞ്ഞു.
എന്താണ് യഥാർത്ഥ സംഭവം എന്ന് വിശദീകരിച്ച് സർക്കാർ പത്രക്കുറുപ്പ് ഇറക്കി. ജനങ്ങൾ ആകെയും ലോകത്തിന് മുന്നിൽ അവഹേളിക്കപ്പെട്ടു. വ്യാജവാർത്തകളുടെ വലിയ പ്രശ്നം നുണകളല്ല. അതിന് പിന്നിലെ അജണ്ടയാണ്. നാടിനും നാട്ടിലെ ജനങ്ങൾക്കും എതിരായുള്ളതാണത്. രാജ്യവും ലോകമാകെയും പ്രകീർത്തിക്കുന്ന തരത്തിലാണ് വയനാട്ടിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.