നീലേശ്വരം: വായനയുടെ വസന്തം സൃഷ്ടിക്കാൻ 1500 പുസ്തക ചർച്ചകൾ സംഘടിപ്പിക്കാൻ ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ. ‘പുതുവർഷം പുതുവായന 2025 ‘ എന്ന പേരിൽ താലൂക്കിലെ 230 ഗ്രന്ഥശാലകളിൽ നടത്തുന്ന പുസ്തക ചർച്ചയുടെ ഉദ്ഘാടനം പട്ടേന ജനശക്തി ഗ്രന്ഥാലയത്തിൽ കഥാകൃത്ത് പി വി ഷാജികുമാർ നിർവഹിച്ചു. ഷാജികുമാറിൻ്റെ ‘മരണവംശം’ എന്ന ആദ്യ നോവൽ അവതരിപ്പിച്ചു കൊണ്ടായിരുന്നു പുസ്തക ചർച്ചയുടെ തുടക്കം കുറിച്ചത്.
2025 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഗ്രന്ഥാലയങ്ങൾ, പൊതുഇടങ്ങൾ, വീട്ടുമുറ്റങ്ങൾ, പ്രകൃതിയിടങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരിക്കും പുസ്തക ചർച്ചകൾ. ജില്ലയ്ക്കകത്തും പുറത്തുമുള്ള എഴുത്തുകാരുടെ 38 സാഹിത്യ സൃഷ്ടികളെ ആസ്പദമാക്കിയായിരിക്കും ചർച്ചകൾ നടത്തുക. എം ടി വാസുദേവൻ നായരുടെ അനുസ്മരണവും ഇക്കാലയളവിൽ നടക്കും. മുതിർന്നവരുടെയും പ്രത്യേകിച്ച് യുവജനങ്ങളുടെയും പുസ്തകവായനയെ പരിപോഷിപ്പിക്കുകയാണ് ഈ തനത് പദ്ധതിയുടെ ലക്ഷ്യം. ഉദ്ഘാടന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി വേണുഗോപാലൻ അധ്യക്ഷനായി.പത്മനാഭൻ കാടകം പുസ്തക പരിചയം നടത്തി. സാഹിത്യകാരി ബിന്ദു മരങ്ങാട്,നീലേശ്വരം നഗരസഭാ കൗൺസിലർ കെ ജയശ്രീ, മേഖല സമിതി കൺവീനർ കെ കെ നാരായണൻ, സി വി വിജയരാജ്, എം എസ് ശ്രീദേവി എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ ശ്രീഗണേഷ് സ്വാഗതവും താലൂക്ക് എക്സി.മെമ്പർ സുനിൽ പട്ടേന നന്ദിയും പറഞ്ഞു.